ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും
കേരളീയരുടെ ഇഷ്ട ഒഴിവുസമയവിനോദം രാഷ്ട്രീയചര്‍ച്ചയാണ് എന്ന് ഒരു മദാമ്മ പറഞ്ഞു കേട്ടപ്പോള്‍ കൌതുകം തോന്നി.കുറേക്കാലം കേരളത്തില്‍ ജീവിക്കുകയും മലയാളികളെ അടുത്തു നിരീക്ഷിക്കുകയും ചെയ്ത മദാമ്മയുടെ നിരീക്ഷണം ശരിയല്ല എന്നു പറയാനാവില്ല.നാട്ടിന്‍പുറത്തെ ചായക്കട മുതല്‍ നഗരത്തിലെ ഓഫീസുകളും ചര്‍ച്ചാവേദിയുമൊക്കെ നാം ഈ ഇഷ്ടവിനോദത്താല്‍ മുഖരിതമാക്കാറുണ്ട്. അറിയാനും അറിയിക്കുവാനുമല്ല നമ്മുടെ രാഷ്ട്രീയചര്‍ച്ചകള്‍ .വാദിക്കാനും ജയിക്കാനുമുള്ള വിനോദമാണത്. അതിനാല്‍ അത് മാറ്റമില്ലാതെ ആവര്‍ത്തനവിരസതയില്ലാതെ എന്നും തുടരുവാന്‍ നമ്മുക്കു സാധിക്കുന്നു.നാട്ടിന്‍പുറത്തെ ഫുട്ബോള്‍ ടീമിന്റെ മത്സരം പോലെ ടീമുകളില്‍ ഓരോന്നും വിജയം നേടുന്ന വെറും കൌതുകക്കളിയാണ് നമ്മുടെ ചര്‍ച്ചകള്‍ .ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നവര്‍ എവിടെയെങ്കിലും എത്തിച്ചേരുന്നുവെന്നാ ണെങ്കില്‍ സഞ്ജയന്‍ പണ്ട് പറഞ്ഞതു പോലെ ഒരാള്‍ ആശുപത്രിയിലും അപരന്‍ പോലീസ് സ്റ്റേഷനിലുമായിരിക്കും.രാഷ്ട്രീയം ഇഷ്ടവിഷയമല്ലാത്ത ബ്ലോഗില്‍ രാഷ്ട്രീയവുമായാണ് ഇടതുപക്ഷം ഇറങ്ങിത്തിരിച്ചത്. കൊള്ളാം നന്നായിട്ടുണ്ട് എന്നു കമന്റു പറയാന്‍ വലിയ സാദ്ധ്യതയില്ലാത്തതിനാല്‍ ഇടതുപക്ഷത്തിന്റെ പോസ്റ്റുകള്‍ക്ക് എന്നും കമന്റുകള്‍ കുറവായിരുന്നു.മുന്‍കാലത്തിന്റെ ഏകാന്തത അവസാനിപ്പിച്ചുകൊണ്ട് എഴുപത്തിയഞ്ച് കമന്റുകളുമായി ഇടതുപക്ഷം നില്ക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുവാന്‍ ആഗ്രഹം തോന്നി. അപ്പോഴാണ് ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും എന്ന ഈ പോസ്റ്റ് തയ്യാറാക്കുവാന്‍ തോന്നിയത്.രാഷ്ട്രീയം എന്ന് നമ്മള്‍ സാധാരണ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് കക്ഷിരാഷ്ട്രീയവും അതിലെ അതിജീവനത്തിന്റെ കുതന്ത്രങ്ങളുമാണ്. ഇടതുപക്ഷം ആ അര്‍ത്ഥത്തിലല്ല രാഷ്ട്രീയത്തെ കാണുന്നത്. അത് പക്ഷാന്തരമുള്ളവരുടെ ചേരിയാണ്.അധികാരം കയ്യിലാക്കാനും വെട്ടിപ്പും തട്ടിപ്പും നടത്തുവാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത പാവം ജീവിതങ്ങളായിരുന്നില്ല ഒരിക്കലും ഒരിടത്തും രാഷ്ട്രീയക്കാരന്‍ . ദാര്‍ശനികമായ ഉള്‍ക്കരുത്തോടെ ത്യാഗത്തിന്റെ സഹനത്തിന്റേയും സാഹസികപഥങ്ങളില്‍ സഞ്ചരിക്കുന്നവനാണ് രാഷ്ട്രീയക്കാരന്‍ . അല്ലാതെ എം.എന്‍ .വിജയനെപ്പോലെ അടുത്തൂണ്‍ പറ്റി പിരിഞ്ഞതിനു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ അന്തം വിട്ട് മൈക്ക് കിട്ടുന്നേടത്തെല്ലാം കാറില്‍ സഞ്ചരിച്ച് വിപ്ലവത്തെക്കുറിച്ച് വികാരഭരിതനാകുന്ന തമാശക്കാരനല്ല.ദേശീയപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത നേതാക്കന്മാരുടെ മാതൃക പിന്തുടരുന്ന ഇത്തരം കോമാളിത്തമല്ല ഉള്‍ക്കാമ്പുള്ള രാഷ്ട്രീയത്തിന് അടിസ്ഥാനം. അത് അധികാരത്തിന്റെ വെളിമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ട പരകോടി നിസ്വരുടെ അനാവിഷ്കൃതമായ തൃഷ്ണകള്‍ക്കു ജീവന്‍ നല്കുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്. അത് അധികാരത്തിന്റെ എതിര്‍ദിശകളിലാണ് എന്നും സഞ്ചരിക്കുക. അധികാരം ആരുടെ മേലാണോ കുതിരകയറുന്നത് അവരോടൊപ്പമാണ് എന്നും രാഷ്ട്രീയം നിലയുറപ്പിക്കുക.അങ്ങനെയല്ലാത്ത വല്ലതുമാണ് രാഷ്ട്രീയമെന്ന് ധരിക്കാനിടയായിട്ടുണ്ടെങ്കില്‍ ആരാണ് ഈ ധാരണകള്‍ നിങ്ങളില്‍ ഉറപ്പിച്ചത് എന്ന് സ്വയംവിമര്‍ശനം നടത്തേണ്ടതാണ്.പൊതുവ്യവഹാരത്തില്‍ ഏത് അര്‍ത്ഥത്തിലാണോ രാഷ്ട്രീയം എന്ന വാക്ക് ഉപയോഗിക്കുന്നത്,അര്‍ത്ഥത്തിലുള്ള രാഷ്ടീയം വിഷയമായുള്ള ചി ബ്ലോഗുകളെങ്കിലും ഇപ്പോഴുണ്ട്. അതിലൊന്ന് ഒരു പോസ്റ്റും ഇതു വരെ വന്നിട്ടില്ലാത്ത നക്സലിസം ബൂലോഗത്തില്‍ ആണ്. നക്സലിസത്തെ ഉപഹാസത്തോടെ കാണുന്നുവെന്നതാണ് പ്രൊഫൈലില്‍ നിന്ന് മനസ്സിലാക്കാനാവുക. സീമാ വാസുദേവിന്റെ ബ്ലോഗും അതിന്റെ നേര്‍വിപരീതസ്വഭാവമുള്ള ജനശക്തി ന്യൂസും വേറെ രണ്ടെണ്ണമാണ്. ഇവയൊക്കെ മാറ്റി നിറുത്തിയാല്‍ പൊതുവ്യവഹാരത്തിലുള്ള രാഷ്ട്രീയത്തോട് തികഞ്ഞ ഉദാസീനത പുലര്‍ത്തുന്ന ഒരു ലോകമാണ് ബൂലോഗം.രാഷ്ട്രീയത്തിന്റെ മുഖ്യപരിഗണന അധികാരമാകയാല്‍ അധികാരത്തെ സംബന്ധിച്ചതെല്ലാം രാഷ്ട്രീയബന്ധമുള്ളതാണ് എന്ന് മനസ്സിലാക്കാം. ബൂലോഗത്തെ സംബന്ധിക്കുന്ന അധികാരമാണ് അശ്ലീലത്തിന്റെ പ്രശ്നം എന്ന പോസ്റ്റിനെക്കുറിച്ചുള്ള കമന്റുകളില്‍ പൊങ്ങി വന്നത്. ബ്ലോഗ് റോളുകളുടെ അധികാരമാണ് ആദ്യത്തെ പ്രധാനപ്രശ്നമായി ഉന്നയിക്കപ്പെട്ടത്. അസഭ്യമായ ഉള്ളടക്കം അനുവദനീയമല്ല എന്നു നിശ്ചയിക്കുവാന്‍ ഒരു ബ്ലോഗ് റോള്‍ നിര്‍മ്മാതാവിന്റെ തീര്‍പ്പ് മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ചര്‍ച്ച ബ്ലോഗ് റോളിന്റെ അധികാരത്തില്‍ നിന്ന് അതിന്റെ സാങ്കേതികതയിലേക്ക് പെട്ടെന്നു തന്നെ വഴിമാറുന്നതാണ് കാണുന്നത്. അത് വളരെ പ്രയാസകരമാണെന്നും അനായാസമാണെന്നും വാദിക്കുവാന്‍ രണ്ട് പക്ഷവും തയ്യാറായി മുന്നോട്ടു വന്നു.ഒടുവില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ പ്രവര്‍ത്തിച്ചു കാണിക്കുവാന്‍ വെല്ലുവിളിയും ഉയര്‍ന്നു.
സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞത കാരണം അതൊക്കെ നോക്കിനില്ക്കാനല്ലെതെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു.ഒടുവില്‍ ചര്‍ച്ച കലാശിക്കുന്നത് കമ്യൂണിറ്റി എന്ന സങ്കല്പത്തില്‍ ചെന്നെത്തിയാണ്.വസ്തുലോകത്തിലെ അധികാരത്തിന്റെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമാണ് വെര്‍ച്വല്‍ ലോകത്തിലെ അധികാരം. സാങ്കേതികജ്ഞാനം അവിടെ അധികാരമായി മാറുന്നു.ജ്ഞാനമാകട്ടെ നിഗൂഢവത്കരണങ്ങളെ ചെറുത്ത് സ്വതന്ത്രമാകുന്ന ഈ ഘട്ടത്തില്‍ അത്തരം അധികാരത്തിന് സാദ്ധ്യതകള്‍ കുറവാണ്. അവിടെ കൂട്ടായ്മകളുടെ രൂപവത്കരണങ്ങള്‍ക്ക് അടിത്തറയൊരുക്കുന്ന വിധേയത്വം പ്രതീക്ഷിക്കാവുന്നതല്ല.ബ്ലോഗിനെക്കുറിച്ച് പറയുമ്പോള്‍ അവയൊരുക്കുന്ന പ്രതിരോധനിരയെന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ മലയാളത്തിലെ ബ്ലോഗുകള്‍ കാണുന്നവരല്ല എന്നു പറയാന്‍ ഈ പ്രസ്താവം തന്നെ ധാരാളം. ലോകത്തിന്റെ പല കോണുകളിലുമിരുന്ന് സ്വതന്ത്രമായി എഴുതുവാനും പ്രസിദ്ധീകരിക്കാനുമിള്ള ഈ സ്വതന്ത്രമേഖല ഇന്ന് മലയാളികളില്‍ ഒരു ചെറിയ വിഭാഗമേ ഉപയോഗിക്കുന്നുള്ളൂ. അതാവട്ടെ പ്രതിരോധം എന്ന നിലയിലല്ല,മറിച്ച് സൌഹൃദവും കൊച്ചുവര്‍ത്തമാമങ്ങളും നിറഞ്ഞ പ്രസന്നമായ ലോകമാണ്. അവിടെയൊരാള്‍ സാഹിത്യമാണ് എഴുതുന്നത് എന്ന ഭാവത്തില്‍ വല്ലതും അവതരിപ്പിക്കുന്നുവെങ്കില്‍ ഗുരുതരമായ പ്രശ്നമായി കണക്കോക്കേണ്ടതില്ല.ബ്ലോഗിലെ സാഹിത്യം ഒന്നോ രണ്ടോ അപവാദങ്ങള്‍ കാണാം,സാമാന്യേന അതിഭാവുകത്വം കലര്‍ന്ന സാഹിത്യനാട്യങ്ങള്‍ മാത്രമാണ്.അത് വായിച്ച് കമന്റിടുന്നവരും മത്സരിച്ച് അതിഭാവുകത്വമുള്ള ഭാഷയില്‍ എഴുതും.ഇതില്‍ താല്പര്യമുള്ളവര്‍ അത് വായിക്കും. ഗൌരവമുള്ള സാഹിത്യം വേണമെങ്കില്‍ മറ്റൊരാള്‍ക്ക് അതു പ്രസിദ്ധീകരിക്കാനും അവസരമുണ്ടല്ലോ.വൈവിദ്ധ്യത്തിന്റെ പ്രോജ്ജ്വലലോകമായി ബ്ലോഗ് വളരട്ടെ. അതിനെ വര്‍ഗ്ഗീകരിക്കാന്‍ മെച്ചപ്പെട്ട സംവിധാനം ആവശ്യമെന്ന് ഒരാള്‍ക്കു തോന്നുന്നുവെങ്കില്‍ നല്ലതു തന്നെ.അതിനുള്ള സങ്കേതികവിദ്യ കൈവശമുള്ളവര്‍ അത് നിര്‍മ്മിക്കട്ടെ.
അശ്ലീലത്തിന്റെ പ്രശ്നം
ബ്ലോഗുകള്‍ നിത്യേന നിരവധി പുതുതായി വരുന്നതിനാല്‍ ഇവയെ വിഷയാധിഷ്ഠിതമായി
വര്‍ഗ്ഗീകരിക്കാനും റേറ്റിംഗ് വഴി നിലവാരപ്പെടുത്തുവാനും ഈയിടെ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവല്ലോ. ഇവയുടെ പിറകിലെ പരിഗണകളില്‍ സംശയാലുക്കളായവരുടെ അഭിപ്രായപ്രകടനങ്ങള്‍ , രോഷപ്രകടനങ്ങള്‍ , പരിഹാസം എന്നിവയും കൌതുകമുണര്‍ത്തുന്നതായിരുന്നു. അതിനിടെ ബ്ലോഗിനെക്കുറിച്ചുള്ള ഒരു നിര്‍വ്വചനവും അതിന്റെ ഉള്ളടക്കമെന്ത് എന്ന പ്രമാണവും അവതരിപ്പിക്കപ്പെട്ടു. രണ്ടു മിനുട്ടിനുള്ളില്‍ എഴുതപ്പെടുന്നത് എന്നതാണ് ഒരു പ്രമാണം. സന്മാര്‍ഗ്ഗത്തെക്കുറിച്ചുള്ളതാണ് മറ്റൊരു പ്രമാണം. അശ്ലീലമോ വ്യക്തിഹത്യയോ പാടില്ല എന്നതാണ് ആ പ്രമാണം.പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാമെങ്കിലും അശ്ലീലത്തെക്കുറിച്ചുള്ള അമിതോല്‍കണ്ഠ ഒരു നീതീകരണവുമില്ലാത്തതാണ്. വെബ്ബിലെ പോര്‍ണോ സൈറ്റുകള്‍ കാണുന്നവര്‍ ബ്ലോഗര്‍മാരാവരുതെന്നോ ബ്ലോഗുകള്‍ കാണരുതെന്നോ പറയാത്തത് എന്താണ്. കാരണം,അങ്ങനെ വാദിക്കുന്നത് പ്രായോഗികമല്ല എന്നതു പോലെ അസംബന്ധവുമാണ്. ലൈംഗികത,രതി എന്നൊക്കെയുള്ള പേരുകളില്‍ നാം ഇന്നു വ്യവഹരിക്കുന്ന നിഷിധവിഷയം എത്ര കാലമായി ഇങ്ങനെ കരിംപട്ടികയിലായിട്ട്?കാമശാസ്ത്രം എന്ന ശാസ്ത്രഗ്രന്ഥം ഉണ്ടായ നാട്ടിലെ ആളുകളാണ് ഇങ്ങനെയുള്ള സാന്മാര്‍ഗ്ഗികവാദികളായത് എന്നത് കൌതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഗീതഗോവിന്ദം എന്ന ജയദേവകൃതി ഭക്തിപുരസ്സരം സോപാനത്തില്‍ അവതരിപ്പിക്കുന്ന നാട്ടുകാരാണ് നമ്മള്‍ .ഇക്കണക്കിനു പോയാല്‍ തരം കിട്ടിയാല്‍ ഞരളത്ത് രാമപ്പൊതുവാളിനെ പൂര്‍വ്വകാലപ്രാബല്യത്തോടെ അശ്ലീലകലാകാരനാക്കി ഷക്കീലയോടൊപ്പം മാറ്റിയിരുത്തുന്ന കാലം വരില്ലെന്ന് ഒരു ഉറപ്പുമില്ല. മേലില്‍ അമ്പലങ്ങളില്‍ സോപാനസംഗീതം പാടില്ലെന്ന തീര്‍പ്പും വരും.
ഒരു കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
ആവശ്യത്തെ വകുപ്പു മേധാവി തള്ളിയത് ഇതേ സാന്മാര്‍ഗ്ഗികപ്രശ്നം ഉന്നയിച്ചാണ്. കുട്ടികള്‍ പോര്‍ണോ സൈറ്റുകള്‍ വിസിറ്റു ചെയ്യും കോളേജില്‍ ലൈംഗിക അരാജകത്വം പടരുമെന്നതായിരുന്നു വാദം. ഇന്റര്‍നെറ്റിനെ ലൈംഗികതയുടെ മേഖലയായി കാണുന്നത് ഏതു തരത്തിലുള്ള അമിതോല്‍കണ്ഠ കാരണമാണോ അതേ കാരണത്താലാണോ സാന്മാര്‍ഗ്ഗികതയുടെ വിശുദ്ധപദം ബ്ലോഗുകള്‍ക്ക് നല്കുന്നത് എന്ന് ആത്മവിമര്‍ശന പരമായി പരിശോധിക്കേണ്ടതാണ്.
ബ്ലോഗര്‍മാരെക്കുറിച്ചും അവര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗുകളെക്കുറിച്ചും പഠിച്ചാല്‍ അവരുടെ
അഭിരുചികളെന്തെന്ന് മനസ്സിലാക്കാം. സ്വന്തം അഭിരുചികള്‍ക്കിണങ്ങിയ ബ്ലോഗുകള്‍
സന്ദര്‍ശിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്യുന്നവരാണ് ബ്ലോഗര്‍മാര്‍ ഭൂരിഭാഗവും. എല്ലായിടത്തും എത്തിച്ചരാന്‍ ആരും വെപ്രാളപ്പെടുന്നില്ല, എനിക്ക് ആദ്യമായാണ് ഇത്രയും കമന്റുകള്‍ കിട്ടുന്നത്. അതിലൊന്നും "കൊള്ളാം,നന്നായിട്ടുണ്ട് " എന്ന് കമന്റിടുന്നവരല്ല. അവരുടെ വായനാവിഭവമല്ല ഇടതുപക്ഷത്തിന് നല്കാനുള്ളത് എന്ന് അവര്‍ അംഗീകരിച്ചു തന്നിട്ടുണ്ട്. അല്ലെങ്കില്‍ , ആരാണ് ബ്ലോഗില്‍ അനാവശ്യമായ രാഷ്ട്രീയം പറയുന്നത് എന്ന് അവര്‍ ചോദിക്കുമായിരുന്നില്ലേ?എതിര്‍ക്കുമായിരുന്നില്ലേ?
ബ്ലോഗര്‍മാര്‍ കാണിക്കുന്ന ഉദാരത ബ്ലോഗ് റോള്‍ അഡ് മിനികള്‍ കാണിക്കാത്തത് അവര്‍ക്ക് നല്ല ഉദ്ദേശ്യമാണ് ഉള്ളത് എന്നതിനാലാണ് എന്ന് സമ്മതിക്കാം. ഗോവിന്ദപ്പിള്ളയുടെ പേരിലും കേരളപോലീസിന്റെ പേരിലും ബ്ലോഗ് ഇറക്കുന്നവര്‍ എന്തുകൊണ്ട് ലൈംഗികബ്ലോഗ് ഇറക്കിയില്ല? ഉത്തരം ലളിതമാണ്. നെറ്റില്‍ അതിന് ഒരു ക്ഷാമവുമില്ല. മലയാളം ബ്ലോഗ് കാണാന്‍ ചെയ്യേണ്ട സെറ്റിംഗിന്റെ പ്രയാസമൊന്നുമില്ലാതെ, ഫോണ്ട് പ്രശ്നമൊന്നുമില്ലാതെയും അനായാസമായി കിട്ടാനുള്ള മികച്ച സാധനത്തെക്കാള്‍ കേമമായി ബ്ലോഗ് ഉണ്ടാക്കുക എന്ന മെനക്കേടിന്റെ ആവശ്യമില്ല എന്നതു തന്നെ. ലൈംഗികബ്ലോഗില്‍ അഭിരമിക്കുന്നവരെ
വിനോദിപ്പിക്കാന്‍ ഒന്നും ഇന്നത്തെ നിലയില്‍ ബ്ലോഗുകളിലില്ല എന്നതിനാലാണ് അവര്‍ ഇതിനെ അവഗണിക്കുന്നത്. എന്നിട്ടും കമ്പ്യൂട്ടര്‍ വകുപ്പ് മേധാവിയെപ്പോലെ ശാഠ്യം പടിക്കുന്നത് അനാവശ്യമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമിതാധികാരപ്രവണതയെക്കുറിച്ച് നടത്തിയ
പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന ഒരു വസ്തുതയുണ്ട്. അമിതമായ ലൈംഗികസദാചാരോല്‍കണ്ഠ അമിതാധികാരപ്രവണതയുടെ പ്രഭവങ്ങളിലൊന്നാണ്. ഇതിനെത്തുടര്‍ന്ന് ജര്‍മ്മനിയിലും യൂറോപ്പിലും സ്വതന്ത്രലൈംഗികത വ്യാപകമായി.
കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ജോസഫിനെക്കുറിച്ചും നിത്യേനയെന്നോണം നമ്മുടെ മാദ്ധ്യമങ്ങള്‍ വിളമ്പുന്ന കഥകള്‍ മലയാളിയുടെ ലൈംഗികസദാചാരോല്‍കണ്ഠ എത്രത്തോളം ഗുരുതരമായ പ്രശ്നമായിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.
നിയമപ്രശ്നം നിയമപ്രശ്നമായി കാണുക.സദാചാരത്തെപ്പറ്റി പുരോഹിതന്മാര്‍ സംസാരിക്കട്ടെ. അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.
അധാര്‍മ്മികമായ ചില ബ്ലോഗ് പരിശ്രമങ്ങള്‍
ബ്ലോഗിന് പല സൌകര്യങ്ങളുണ്ട്. അതിലൊന്ന് നിങ്ങളാരെന്ന് വെളിപ്പെടുത്താതെ തന്നെ പറയാനുള്ളത് പ്രസിദ്ധീകരിക്കാമെന്നതാണ്. എഴുത്തുകാര്‍ തൂലികാനാമം ഉപയോഗിച്ച് എഴുതുന്നതുപോലെ ഒരു സൌകര്യം. കോവിലന്‍ വി.വി.അയ്യപ്പനാണെന്നും വിലാസിനി എം.കെ.മേനോനാണ് എന്നും എല്ലാവര്‍ക്കും അറിയാം. തൂലികാനാമത്തില്‍ വലിയ ഒളിച്ചുകളിയൊന്നുമില്ല. ഒളിച്ചുകളിക്കാന്‍ സാധിക്കില്ല എന്നതല്ല കാരണം.
എഴുത്ത് സാമൂഹികമായ ഉത്തരവാദിത്തമുള്ള ഒരു പ്രവര്‍ത്തനമാണ്. അത്തരം ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്ന ഒരാള്‍ക്ക് തിരസ്കരണിക്കു പിന്നില്‍ കഴിയാനാവുകയില്ല. എഴുതുന്ന ഏതൊരാളും സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത്. സ്വന്തം വ്യക്തിത്വം പ്രസക്തമല്ലാത്ത ഇടങ്ങളില്‍ പേരു വെളിപ്പെടുത്താതെ പറയാനുള്ളത് പറഞ്ഞ് വിരമിക്കുന്നത് അതിനാല്‍ എല്ലാ ആര്‍ത്ഥത്തിലും ഔചിത്യപൂര്‍ണ്ണമായ പ്രവര്‍ത്തനം തന്നെ.ബ്ലോഗ് നിര്‍മ്മിക്കുമ്പോള്‍ യൂസര്‍ നെയിമും ബ്ലോഗ് പേരും തെരഞ്ഞടുക്കുന്നതില്‍ എഴുത്തിന്റെ മേഖലയിലെ ഈ സ്വാതന്ത്ര്യം നിലവിലുണ്ട്. ബ്ലോഗിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചന നല്കുന്നതോ മറ്റു നിലയില്‍ ആകര്‍ഷകമോ ആയ ബ്ലോഗ് പേരുകള്‍ അതുണ്ടാക്കുന്നയാളുടെ സര്‍ഗ്ഗാത്മകതയെക്കുറിച്ചു കൂടി നമ്മോട് പറയുന്നു. ഏതെങ്കിലും
മലയാളം ബ്ലോഗ് റോളില്‍ നോക്കിയാല്‍ കാണാവുന്ന പേരുകളിലെ വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.
സര്‍ഗ്ഗാത്മകതയുടെ ഈ ലോകം എന്നാല്‍ പ്രശ്നവിമുക്തമല്ല. സ്വാതന്ത്ര്യം അതിന് അര്‍ഹതയില്ലാത്ത
കരങ്ങളിലെത്തിയാല്‍ ഉണ്ടാകാവുന്ന വിപത്തുകളെക്കുറിച്ച് മുന്‍കരുതല്‍ ഉണ്ടാകേണ്ടതാണ്. വെളിച്ചം നിറഞ്ഞു നില്ക്കുന്ന ഉത്സവപ്പറമ്പുകളില്‍ നിന്ന് മാറി വെളിച്ചം കുറഞ്ഞ ഇടവഴികളില്‍ കാത്തുനില്ക്കുന്ന വികൃതിക്കുട്ടികള്‍ എവിടെയും ഉണ്ടാകും. ഇവിടെയും അത് സംഭവിക്കുന്നുണ്ട്. പ്രണയവും രതിവൈകൃതവും ചേര്‍ന്ന് വിചിത്രപ്രകൃതികളായി പെരുമാറുന്ന ഇത്തരം വികൃതിക്കുട്ടികളെ കരുതിയിരിക്കുക.
ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകള്‍ എന്ന എന്റെ ബ്ലോഗ് പോസ്റ്റിനു കീഴെ കണ്ട ഒരു ലിങ്കാണ് എന്നെ അമ്പരപ്പിച്ചത്. സീമാ വാസുദേവിന്റെ ബ്ലോഗിലേക്കായിരുന്നു ലിങ്ക്. ആരാണ് ഈ സീമാ വാസുദേവ് എന്നു അറിയാന്‍ പ്രൊഫൈല്‍ നോക്കിയപ്പോഴാണ് ഇദ്ദേഹത്തിന് വേറെയും ബ്ലോഗുകള്‍ ഉണ്ടെന്ന് മനസ്സിലായത്. അതിലൊന്നിന്റെ വിലാസം പി.ഗോവിന്ദപ്പിള്ള.ബ്ലോഗ്സ്പോട്ട്.കോം എന്നാണ്. വേറൊന്ന് കേരളാപോലീസ്.ബ്ലോഗ്സ്പോട്ട.കോം എന്നാണ്. വായ്ക്കു വന്നത് കോതയ്ക്ക് പാട്ട് എന്ന് വേറൊന്നുമുണ്ട്. ഇതിനു കീഴില്‍ നിരവധി ലിങ്കുകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറെയും നിലവിലില്ലാത്തവയാണ്.
ബ്ലോഗിങ്ങിനെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ കൌതുകത്തിന് ഉണ്ടാക്കിയവയാവാം ഇതൊക്കെയെന്ന് കരുതി അവഗണിക്കാനാവാത്ത പ്രശ്നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.പി.ഗോവിന്ദപ്പിള്ളയെന്നല്ല ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ല. ആരുമായും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യവും അംഗീകരിക്കാം. എന്നാല്‍ വിമര്‍ശനത്തിനു വേണ്ടിയോ വിയോജിപ്പിനായോ സമൂഹത്തില്‍
മാനിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ആള്‍മാറാട്ടം നടത്തുന്നത് ഹീനമായ പ്രവൃത്തിയാണ്. കേരളാ പോലീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു പ്രധാനവകുപ്പിന്റെ പേരാണ്. ആ പേര് ആര്‍ക്കും എടുത്ത് ഉപയോഗിക്കുവാന്‍ അധികാരമില്ല. അങ്ങനെ ചെയ്യുന്നത് കുറ്റകരവുമാണ്. പോലീസിന്റെ പേരിലുള്ള ബ്ലോഗില്‍ ഔദ്യോഗികമായ അറിയിപ്പുകളാണെന്ന മട്ടില്‍ കുറിപ്പുകളിട്ടാല്‍ വിവരം അറിയും.
സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം ഇങ്ങനെ ദുര്‍വ്വിനിയോഗം ചെയ്യുന്നത് എത്രയും വേഗം തടയേണ്ടതാണ്.ഇടതുപക്ഷം എന്ന എന്റെ ബ്ലോഗില്‍ സി.പി.എം നിലപാടല്ലാത്ത സ്വതന്ത്ര ഇടതുപക്ഷ വീക്ഷണത്തെ രൂപീകരിക്കുവാനുള്ള സംവാദശ്രമമാണ് ഞാന്‍ നടത്തുന്നത്. അതിന്റെ മികവും യോഗ്യതയും ആര്‍ക്കും വിലയിരുത്താവുന്നതാണ്. വിയോജിക്കാവുന്നതുമാണ്. യോജിപ്പുള്ളവരും ഉണ്ടാകാം. എന്നാല്‍ ആരെങ്കിലും സി.പി.എം വിരോധം കൊണ്ടോ ഗോവിന്ദപ്പിള്ളയോടുള്ള അനിഷ്ടം കൊണ്ടോ ചെയ്യുന്ന നിരുത്തരവാദപ്രവര്‍ത്തനത്തോട് കണ്ണിചേര്‍ക്കേണ്ടതല്ല എന്റെ വീക്ഷണങ്ങള്‍ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ എന്റെ പോസ്റ്റിനു കീഴെയിട്ട ലിങ്കിന്റെ കാര്യത്തില്‍ എന്റെ പ്രതിഷേധം ഞാന്‍ അറിയിച്ചപ്പോള്‍ സീമാ വാസുദേവ് അത് നീക്കം ചെയ്തു. നന്ദി. എന്നാല്‍ ഇക്കാരണം കൊണ്ട് ബ്ലോഗ് സദാചാരത്തിന് എന്നല്ല പൊതുവിലുള്ള സദാചാരത്തിനു തന്നെ എതിരായ മറ്റു ബ്ലോഗുകള്‍ തുടരുന്നത് നീതീകരിക്കാനാകില്ല. ഗോവിന്ദപ്പിള്ളയും കേരളാ പോലീസും പറഞ്ഞാല്‍ മറ്റ് ബ്ലോഗുകള്‍ നീക്കം ചെയ്യാം
എന്നു കരുതുന്നത് ശരിയല്ല.
പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശത്തില്‍ കരീം മാഷ് ഇക്കാര്യം പറയാതെപോയി എന്നതിനാലാണ് ഈ കുറിപ്പ്.
ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകള്‍
മലയാളഭാഷയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന അര്‍ത്ഥലോപം സംഭവിച്ച വാക്ക് ഇടതുപക്ഷം എന്നതാണ്. ഈ പ്രസ്താവം അവിശ്വസനീയമായി തോന്നാം. ഈ പദപ്രയോഗം പ്രിയംകരമായി കൊണ്ടുനടക്കുന്നവര്‍ക്ക് അലോസരവും തോന്നിയോക്കാം. എന്നാല്‍ ഇക്കാരണത്താല്‍ സത്യം സത്യമല്ലാതായി മാറുമോ. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ പൊതുവെ വിശേഷിച്ച് അര്‍ത്ഥവിവക്ഷകളില്ലാതെയാണ് ഉപയോഗിക്കപ്പെടുന്നത്. ജനാധിപത്യവിശ്വാസികള്‍ എന്നു തെരഞ്ഞടുപ്പ് കാലത്ത് പ്രയോഗിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കു വോട്ടുചെയ്യുന്നവര്‍ എന്നായിരിക്കും. അവരോടാണല്ലോ അഭ്യര്‍ത്ഥന. സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നിങ്ങനെയുള്ള ഇംഗ്ലീഷുവാക്കുകളേയും നാം ഇത്തരം ഒരു പദവിയില്‍ എത്തിച്ചിട്ടുണ്ട്. ഏതൊരു വാക്കിനും സുനിശ്ചിതമായ ഒരു സൂചിതം ഉണ്ടായിരിക്കും. അതിനെക്കുറിച്ച് പൊതുധാരണയുള്ള സമൂഹം ആ വാക്കു കേള്‍ക്കുമ്പോള്‍ സൂചിതം എന്തെന്നു മനസ്സിലാക്കും. സൂചിതം തെറ്റായി പ്രയോഗിച്ചാല്‍ അത് തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാര്യവിവരമില്ലാത്തവനാണ് വക്താവ് എന്നു മനസ്സിലാക്കുകയും ചെയ്യും.നായ,പൂച്ച, പശു എന്നിവയുടെ സൂചിതങ്ങള്‍ എന്തൊക്കെയെന്ന് നമ്മുക്കറിയാം.ഇവയെല്ലാം മൃഗങ്ങളാണെന്നും വളര്‍ത്തുമൃഗങ്ങളാണെന്നുമുള്ളതിനാല്‍ പൂച്ചയെ നായെന്നും പശുവിനെ പൂച്ചയെന്നും നായയെ പശുവെന്നും വിളിക്കാനാവില്ല എന്നു നമ്മുക്കറിയാം. ആകയാല്‍ സമൂഹത്തില്‍ ഇക്കാര്യത്തില്‍ നിലവിലുള്ള ധാരണള്‍ മാറ്റിമറിക്കാന്‍ ആരും മെനക്കെടാറില്ല.വസ്തുക്കളുടേയും ജീവജാലങ്ങളുടേയും കാര്യത്തില്‍ ഉറച്ച ധാരണകള്‍ അനുസരിച്ച് ആശയവിനിമയം നടക്കുമ്പോള്‍ വ്യാഖ്യാനാത്മകമായ സംവാദങ്ങളില്‍ പലപ്പേഴും ഇതു തകര്‍ക്കപ്പെടുന്നതായി കാണാം. ഉള്ളടക്കത്തിന് കൃത്യതയില്ലാത്ത പദങ്ങളുടെ കാര്യത്തില്‍ സ്വാഭാവികമായും ഇതു സംഭവിക്കാം. എന്നാല്‍ തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിക്കണമെന്ന് ഉദ്ദേശിച്ചും അര്‍ത്ഥാന്തരങ്ങളിലേക്ക് വാക്കുകളെ നയിക്കാറുണ്ട്. ഇടതുപക്ഷത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ അങ്ങനെ വന്നു ചേര്‍ന്നതാണ്.ഫ്രഞ്ച് പാര്‍ലമെന്ററി പാരമ്പര്യത്തില്‍ നിന്ന് രാഷ്ട്രീയവ്യവഹാരങ്ങളിലേക്ക് കടന്നു വന്ന വാക്കാണ് ഇടതുപക്ഷം. ഭരണപക്ഷത്തിന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവര്‍ എന്ന നിലയില്‍ ആശയപരമായ പൊരുത്തമുള്ളവര്‍ പാര്‍ലമെന്റില്‍ ഇടതുഭാഗത്ത് ഇരിക്കുമായിരുന്നുവെന്നതില്‍ നിന്നാണ് ഈ വാക്ക് ഉടലെടുക്കുന്നത്. കമ്യൂണിസവുമായോ മാര്‍ക്സിസത്തന്റെ നൂറായിരം പ്രയോഗമാതൃകകളുമായോ ഈ വാക്കിന് ഒരു ചാര്‍ച്ചയും ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ഭരണവര്‍ഗ്ഗത്തോട് വിയോജിക്കുന്ന രാഷ്ട്രീയനിലപാട് പുലര്‍ത്തുന്നവര്‍ എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധിപ്പിച്ച് ഈ വാക്ക് ഉപയോഗിക്കപ്പെട്ടിരുന്നു. എന്നു വെച്ചാല്‍ കമ്യൂണിസ്റ്റുകാര്‍ ഇടതുപക്ഷത്തില്‍ പെടും എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. അത് അവര്‍ക്ക് എക്സ്ക്ലൂസിവായ വിശേഷണപദമല്ല എന്നു വേണം മനസ്സിലാക്കാന്‍.ഇന്ത്യയില്‍ ദേശീയപ്രസ്ഥാനകാലത്തു തന്നെ ഇടതുപക്ഷം എന്ന പദം പ്രയോഗത്തില്‍ ഉണ്ടായിരുന്നു. രാം മനോഹര്‍ ലോഹ്യ, അച്യുത് പട്‌വര്‍ദ്ധന്‍, അരുണാ ആസഫലി, ജയപ്രകാശ് നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് വിഭാഗമായിരുന്നു ഇടതു പക്ഷം. ഗാന്ധിജിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുകയും ദേശീയപ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം പലപ്പോഴും നേതൃത്വപരമായ മുന്നേറ്റങ്ങളും കാഴ്ചവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ കാലത്തെ ഒരു സംജ്ഞ ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എത്രത്തോളം പ്രസക്തിയുള്ളതായിരിക്കുമെന്ന് തര്‍ക്കിച്ച് സ്ഥാപിക്കേണ്ടതില്ല. ത്യാഗത്തിന്റേയും സഹനത്തിന്റേയും ഉന്നതശിഖരങ്ങളെവിടെ, കാല്‍ക്കാശിന് ഏതു വേഷവും കെട്ടാന്‍ മടിക്കാത്ത ഇന്നത്തെ നേതാക്കള്‍ എവിടെ. ഇടതുപക്ഷം എന്ന വാക്ക് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും അതിന് ഒരു തരത്തിലുള്ള മാന്യത ചാര്‍ത്തിക്കിട്ടുന്നതും അടിയന്തരാവസ്ഥയ്ക്കു ശേഷമാണ്. ആധുനികഭാരതത്തിന്റെ ചരിത്രത്തെ അടിയന്തിരാവസ്ഥാപൂര്‍വ്വം എന്നും അടിയന്തരാവസ്ഥാനന്തരം എന്നും രണ്ടായി വേര്‍തിരിച്ചു പഠിക്കുന്നതിനു കാരണം സാമൂഹികരാഷ്ട്രമീമാംസാ പഠനങ്ങളില്‍ പ്രകടമായിത്തന്നെ കാണുന്ന ചില ആശയങ്ങളും വസ്തുതകളുമാണ്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥാക്കാലത്ത് മന:സമാധാനത്തോടെ കഴിഞ്ഞുകൂടിയവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍. എം.എന്‍.വിജയന്‍ ഉള്‍പ്പെടെയുള്ള ബുദ്ധിജീവികളെക്കുറിച്ചാണ് പറയുന്നത്. ഈയടുത്ത കാലത്തും മേപ്പടി ബുദ്ധിജീവി വിപ്ലവത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഇത്തരം വിപ്ലവകാരികള്‍ പ്രതികരിക്കേണ്ട ഘട്ടത്തില്‍ എന്താണ് ചെയ്യുകയെന്ന് നമ്മുക്ക് കാണാന്‍ അവസരമുണ്ടായി. ഇതിന് അനുപൂരകമായിരുന്നു അടിയന്തരാവസ്ഥാനന്തരമുണ്ടായ തെരഞ്ഞടുപ്പില്‍ കേരളത്തിലുണ്ടായ ജനവിധി. മഹാവിപ്ലവകാരികള്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. ഇതൊരിക്കലും അവസാനിക്കില്ലെന്നും സ്റ്റാലിന്റെ ഭരണം പോലത്തെ കാലമാണ് വരാന്‍ പോകുന്നത് എന്നും കരുതി സൈബീയിയിലേക്കു പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ കിടന്നുറങ്ങുന്നതാണെന്നു ആലോചിച്ച് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ബുദ്ധിയില്ലാജീവികള്‍ ഇന്ദിരാഗാന്ധിഭരണത്തിന് വോട്ടിലൂടെ മറുപടി നല്‍കി. നമ്പൂതിരിപ്പാടായിരുന്നു അക്കാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരന്‍. താനും തന്റെ പാര്‍ട്ടിയും സുരക്ഷിതമായി അടിയന്തരാവസ്ഥ ആഘോഷിച്ചതിന്റെ ചളിപ്പ് മാറ്റാന്‍ അദ്ദേഹം ഒപ്പിച്ച പണിയാണ് നാണംമറക്കാന്‍ ഒന്നുമില്ലാതെ പെരുവഴിയിലായിപ്പോയ ബുദ്ധീജീവികളെ സംഘടിപ്പിക്കല്‍. പുരോഗമനകലാ സാഹിത്യസംഘം എന്നു പുതിയ പേരിട്ട് ഉദാരമാക്കിയ സംഘത്തോടൊപ്പം വരുന്ന കമ്യൂണിസ്റ്റുകാര്‍ എന്നു നേരെ പറയാന്‍ മടിയുള്ള തറവാടികളെ വിശേഷിപ്പിക്കാന്‍ അക്കാലത്ത് നടപ്പില്‍ വരുത്തിയ പദപ്രയോഗമാണ് ഇടതുപക്ഷ ബുദ്ധിജീവി. ആര്‍ക്കും ഇതാവാം. വേണ്ടത് ഇത്രമാത്രം, നമ്പൂതിരിപ്പാട് പറയുന്നതിനെ എതിര്‍ക്കരുത്. ബാക്കിയൊക്കെ സ്വന്തം ഇഷ്ടം പോലെ. ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുകൊടുക്കുന്നവരാണ് ഇവര്‍ എന്നു അടിയന്തരാവസ്ഥാകാലത്ത് തെളിയിച്ച ഈ നപുംസകങ്ങള്‍ വരച്ച വരയ്ക്ക് അപ്പുറം പോകില്ലെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ടല്ലോ.അടിയന്തരാവസ്ഥയ്ക്കു തൊട്ടു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ഇന്നത്തെ സംഘപരിവാറുകാരോടൊപ്പം ഐക്യമുന്നണിയായിട്ടായിരുന്നു മത്സരം. കേരളത്തില്‍ അതു ഫലിച്ചില്ല. അടുത്ത തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുപോന്ന ആന്റണിമാരെയും ലീഗിനെയും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണവും ചേര്‍ത്ത മുന്നണിയായിരുന്നു. അതിനിട്ട പേരാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. ഫ്രഞ്ച് പാര്‍ലമെന്ററി പാരമ്പര്യത്തില്‍ നിന്ന് വന്ന ഒരു വാക്ക് എങ്ങനെ അര്‍ത്ഥലോപം വന്ന ഇന്നത്തെ അവസ്ഥയിലെത്തി എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ലീഗായാലും കേരളാ കോണ്‍ഗ്രസ്സായാലും ഏതു ചെകുത്താനായാലും ഞങ്ങളോടൊപ്പമാണെങ്കില്‍ ഇടതുപക്ഷം എന്നു പറഞ്ഞാല്‍ അവിടെ വാക്കിന് അര്‍ത്ഥം സ്വന്തക്കാര്‍ എന്നോ അധികാരത്തിന് വേണ്ടി എന്തിനും മടിക്കാത്തവര്‍ എന്നോ ഒക്കെയാണ്.ഓര്‍ക്കുക: 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലം മുതല്‍ സ്വന്തം മുന്നണിയില്‍ സി.പി.ഐക്കാര്‍ ചേരുന്നതു വരെ അവര്‍ വലതന്മാരായിരുന്നു. അതിനിടയില്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും ഇടതുപക്ഷക്കാരായിരുന്നു.
അവസാനിപ്പിക്കൂ ഈ ക്രൂരത.
സ്വാശ്രയകോളേജ് പ്രശ്നത്തില്‍ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നുവെന്ന് തോന്നിയപ്പോള്‍ പുരോഹിതന്മാര്‍ പുതിയ ഒരു രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചു.
കാര്യമിതാണ്: ന്യൂനപക്ഷമായതിനാലാണല്ലോ ഈ പൊല്ലാപ്പെല്ലാം. വേണ്ട, ഇനി ഭൂരിപക്ഷമായിക്കളയാം. ഇസ്ലാംമതക്കാരുടെ സംഖ്യാബലത്തിലുള്ള വളര്‍ച്ച കണ്ട് സംഘപരിവാറുകാര്‍ വരെ അന്ധാളിച്ചു പോയിട്ടുണ്ട്. ഇക്കണക്കിന് പോയാല്‍ കുറച്ചു കാലം കഴിഞ്ഞാല്‍ ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദു ന്യൂനപക്ഷമായിത്തിരും എന്നവര്‍ നിലവിളിക്കാന്‍ തുടങ്ങിയിട്ടും കുറച്ചായി. ഇതു തന്നെ വഴി.
ഒരു വഴി കണ്ടുകിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ഇടയലേഖനം തയ്യാറാക്കണം. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും അത് വായിപ്പിക്കാം. വിശ്വാസികള്‍ അതനുസരിച്ച് മറ്റു കാര്യങ്ങള്‍ ചെയ്തുകൊള്ളും.
കൂടുതല്‍ കുട്ടികളെപ്പോറ്റാന്‍ കഴിവുള്ളവര്‍ ഒന്നിലും രണ്ടിലുമായി നിറുത്തരുതെന്ന് ഇടയലേഖനം എഴുതി പള്ളികളിലേക്ക് അയച്ചു.
വളരെ ആലോചിച്ച് തയ്യാറാക്കിയതാണ് ഇടയലേഖനം. ഒരല്‍പം ബുദ്ധിയുള്ള ആര്‍ക്കും കേട്ടാല്‍ തോന്നുന്ന കാര്യമാണ്. എന്നാല്‍ ആരെങ്കിലും അത് മനസ്സിലാക്കി ഒരു ചോദ്യം ചോദിച്ചോ? ഇങ്ങനെ ഹൃദയമില്ലാത്തവരായിപ്പോയല്ലോ നമ്മുടെ വിശ്വാസികള്‍!
ഇടയന്മാരെക്കാള്‍ കുട്ടികളെ പോറ്റാന്‍ കഴിവുള്ളവര്‍ ഇടവകയില്‍ എത്ര പേരുണ്ട്? ഇക്കാലമത്രയും പലതരം കുടുക്കില്‍ പെട്ട് ഉടക്കിപ്പോയ പുരോഹിതന്മാരുടെ വിവാഹക്കാര്യം ആരെങ്കിലും ഉന്നയിക്കേണ്ടേ. അതുണ്ടായില്ല. പുരോഹിതനായതിനാല്‍ പെണ്ണുകെട്ടാന്‍ പറ്റാത്ത അവസ്ഥ ലോകത്തില്‍ എത്രപേര്‍ക്കുണ്ട്? ക്രൈസ്തവരില്‍ ബാക്കി എല്ലാതരം പുരോഹിതന്മാരും പെണ്ണും കെട്ടി സുഖിക്കുമ്പോള്‍ നമ്മുടെ ദു:ഖം ആരെങ്കിലും കാണണ്ടേ?
ആരും ഇക്കാര്യം പറയില്ല എന്നാണെങ്കില്‍ ഇടയലേഖനം മാറ്റിയെഴുതി നിവേദനമാക്കി പോപ്പിന് അയച്ചു കൊടുക്കേണ്ടി വരും. വേറെന്തു വഴി? ഒരു അവസരം തന്നാല്‍ ഇടയലേഖനം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് മത്സരിച്ച് തെളിയിക്കാന്‍ തയ്യാറായിരിക്കുന്നവരുടെ അവസരം നഷ്ടപ്പെടുത്തുന്നത് ക്രൂരതയാണ്.
അവസാനിപ്പിക്കൂ ഈ ക്രൂരത.
ഐ.ടി മിഷന് ഒരു പണിയുമില്ല
കേരള സംസ്ഥാനസര്‍ക്കാറിന്റെ ഐ.ടി മിഷന് ഒരു പണിയുമില്ലാതെ ഇരിക്കുകയാണ്. പ്രവര്‍ത്തനത്തിന് നല്‍കിയ കാശ് ഉപയോഗിക്കാനാകാതെ അവര്‍ തിരികെ നല്‍കിയിരിക്കുകയാണ്. നന്നായി. ദുര്‍വ്യയം ചെയ്യാന്‍ തോന്നിയില്ലല്ലോ. അഭിനന്ദനാര്‍ഹം തന്നെ ഈ മനോഭാവം.വാര്‍ത്ത കാണുക
പാവാട
സാനിയയുടെ പാവാടയില്‍ തല്‍പരരായ എന്റെ പ്രിയ വായനക്കാര്‍ പൌരാവകാശപ്രശ്നത്തില്‍ ഉദാസീനരാണെന്നാണ് കാണുന്നത്. കഷ്ടം. കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രൊഫഷനല്‍ കോളേജ് പ്രവേശനസമയത്ത് കുട്ടികളും രക്ഷാകര്‍ത്താക്കളും വാള്‍മുനയിലാണ്.ഭരിക്കുന്നത് ഏത് പക്ഷമായാലും അവസ്ഥയ്ക്ക് മാറ്റമില്ല. നേതാക്കളുടെ മക്കള്‍ മാര്‍ക്കില്ലാത്തതിനാല്‍ ഏറെയും കേരളത്തിനു പുറത്ത് കാപിറ്റേഷന്‍ ഫീ നല്‍കിയാണ് പഠിക്കുന്നത്.അതിനാല്‍ നേതാക്കള്‍ക്കും അവരുടെ വിനീതാനുയായികള്‍ക്കും പ്രശ്നമില്ല.അതിനേക്കാളേറെ കഷ്ടമാണ് പോലീസ് സ്റ്റേഷനിലെ അവസ്ഥ.മന്ത്രിപുത്രന് അവിഹിതമായ ആനുകൂല്യവും സാധാരണക്കാരന് പീഢനവും.എന്തൊരു ആദര്‍ശസുന്ദരമായ അവസ്ഥ!