Thursday, September 07, 2006

അധാര്‍മ്മികമായ ചില ബ്ലോഗ് പരിശ്രമങ്ങള്‍

ബ്ലോഗിന് പല സൌകര്യങ്ങളുണ്ട്. അതിലൊന്ന് നിങ്ങളാരെന്ന് വെളിപ്പെടുത്താതെ തന്നെ പറയാനുള്ളത് പ്രസിദ്ധീകരിക്കാമെന്നതാണ്. എഴുത്തുകാര്‍ തൂലികാനാമം ഉപയോഗിച്ച് എഴുതുന്നതുപോലെ ഒരു സൌകര്യം. കോവിലന്‍ വി.വി.അയ്യപ്പനാണെന്നും വിലാസിനി എം.കെ.മേനോനാണ് എന്നും എല്ലാവര്‍ക്കും അറിയാം. തൂലികാനാമത്തില്‍ വലിയ ഒളിച്ചുകളിയൊന്നുമില്ല. ഒളിച്ചുകളിക്കാന്‍ സാധിക്കില്ല എന്നതല്ല കാരണം.

എഴുത്ത് സാമൂഹികമായ ഉത്തരവാദിത്തമുള്ള ഒരു പ്രവര്‍ത്തനമാണ്. അത്തരം ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്ന ഒരാള്‍ക്ക് തിരസ്കരണിക്കു പിന്നില്‍ കഴിയാനാവുകയില്ല. എഴുതുന്ന ഏതൊരാളും സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത്. സ്വന്തം വ്യക്തിത്വം പ്രസക്തമല്ലാത്ത ഇടങ്ങളില്‍ പേരു വെളിപ്പെടുത്താതെ പറയാനുള്ളത് പറഞ്ഞ് വിരമിക്കുന്നത് അതിനാല്‍ എല്ലാ ആര്‍ത്ഥത്തിലും ഔചിത്യപൂര്‍ണ്ണമായ പ്രവര്‍ത്തനം തന്നെ.ബ്ലോഗ് നിര്‍മ്മിക്കുമ്പോള്‍ യൂസര്‍ നെയിമും ബ്ലോഗ് പേരും തെരഞ്ഞടുക്കുന്നതില്‍ എഴുത്തിന്റെ മേഖലയിലെ ഈ സ്വാതന്ത്ര്യം നിലവിലുണ്ട്. ബ്ലോഗിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചന നല്കുന്നതോ മറ്റു നിലയില്‍ ആകര്‍ഷകമോ ആയ ബ്ലോഗ് പേരുകള്‍ അതുണ്ടാക്കുന്നയാളുടെ സര്‍ഗ്ഗാത്മകതയെക്കുറിച്ചു കൂടി നമ്മോട് പറയുന്നു. ഏതെങ്കിലും
മലയാളം ബ്ലോഗ് റോളില്‍ നോക്കിയാല്‍ കാണാവുന്ന പേരുകളിലെ വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.

സര്‍ഗ്ഗാത്മകതയുടെ ഈ ലോകം എന്നാല്‍ പ്രശ്നവിമുക്തമല്ല. സ്വാതന്ത്ര്യം അതിന് അര്‍ഹതയില്ലാത്ത
കരങ്ങളിലെത്തിയാല്‍ ഉണ്ടാകാവുന്ന വിപത്തുകളെക്കുറിച്ച് മുന്‍കരുതല്‍ ഉണ്ടാകേണ്ടതാണ്. വെളിച്ചം നിറഞ്ഞു നില്ക്കുന്ന ഉത്സവപ്പറമ്പുകളില്‍ നിന്ന് മാറി വെളിച്ചം കുറഞ്ഞ ഇടവഴികളില്‍ കാത്തുനില്ക്കുന്ന വികൃതിക്കുട്ടികള്‍ എവിടെയും ഉണ്ടാകും. ഇവിടെയും അത് സംഭവിക്കുന്നുണ്ട്. പ്രണയവും രതിവൈകൃതവും ചേര്‍ന്ന് വിചിത്രപ്രകൃതികളായി പെരുമാറുന്ന ഇത്തരം വികൃതിക്കുട്ടികളെ കരുതിയിരിക്കുക.

ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകള്‍ എന്ന എന്റെ ബ്ലോഗ് പോസ്റ്റിനു കീഴെ കണ്ട ഒരു ലിങ്കാണ് എന്നെ അമ്പരപ്പിച്ചത്. സീമാ വാസുദേവിന്റെ ബ്ലോഗിലേക്കായിരുന്നു ലിങ്ക്. ആരാണ് ഈ സീമാ വാസുദേവ് എന്നു അറിയാന്‍ പ്രൊഫൈല്‍ നോക്കിയപ്പോഴാണ് ഇദ്ദേഹത്തിന് വേറെയും ബ്ലോഗുകള്‍ ഉണ്ടെന്ന് മനസ്സിലായത്. അതിലൊന്നിന്റെ വിലാസം പി.ഗോവിന്ദപ്പിള്ള.ബ്ലോഗ്സ്പോട്ട്.കോം എന്നാണ്. വേറൊന്ന് കേരളാപോലീസ്.ബ്ലോഗ്സ്പോട്ട.കോം എന്നാണ്. വായ്ക്കു വന്നത് കോതയ്ക്ക് പാട്ട് എന്ന് വേറൊന്നുമുണ്ട്. ഇതിനു കീഴില്‍ നിരവധി ലിങ്കുകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറെയും നിലവിലില്ലാത്തവയാണ്.

ബ്ലോഗിങ്ങിനെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ കൌതുകത്തിന് ഉണ്ടാക്കിയവയാവാം ഇതൊക്കെയെന്ന് കരുതി അവഗണിക്കാനാവാത്ത പ്രശ്നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.പി.ഗോവിന്ദപ്പിള്ളയെന്നല്ല ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ല. ആരുമായും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യവും അംഗീകരിക്കാം. എന്നാല്‍ വിമര്‍ശനത്തിനു വേണ്ടിയോ വിയോജിപ്പിനായോ സമൂഹത്തില്‍
മാനിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ആള്‍മാറാട്ടം നടത്തുന്നത് ഹീനമായ പ്രവൃത്തിയാണ്. കേരളാ പോലീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു പ്രധാനവകുപ്പിന്റെ പേരാണ്. ആ പേര് ആര്‍ക്കും എടുത്ത് ഉപയോഗിക്കുവാന്‍ അധികാരമില്ല. അങ്ങനെ ചെയ്യുന്നത് കുറ്റകരവുമാണ്. പോലീസിന്റെ പേരിലുള്ള ബ്ലോഗില്‍ ഔദ്യോഗികമായ അറിയിപ്പുകളാണെന്ന മട്ടില്‍ കുറിപ്പുകളിട്ടാല്‍ വിവരം അറിയും.

സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം ഇങ്ങനെ ദുര്‍വ്വിനിയോഗം ചെയ്യുന്നത് എത്രയും വേഗം തടയേണ്ടതാണ്.ഇടതുപക്ഷം എന്ന എന്റെ ബ്ലോഗില്‍ സി.പി.എം നിലപാടല്ലാത്ത സ്വതന്ത്ര ഇടതുപക്ഷ വീക്ഷണത്തെ രൂപീകരിക്കുവാനുള്ള സംവാദശ്രമമാണ് ഞാന്‍ നടത്തുന്നത്. അതിന്റെ മികവും യോഗ്യതയും ആര്‍ക്കും വിലയിരുത്താവുന്നതാണ്. വിയോജിക്കാവുന്നതുമാണ്. യോജിപ്പുള്ളവരും ഉണ്ടാകാം. എന്നാല്‍ ആരെങ്കിലും സി.പി.എം വിരോധം കൊണ്ടോ ഗോവിന്ദപ്പിള്ളയോടുള്ള അനിഷ്ടം കൊണ്ടോ ചെയ്യുന്ന നിരുത്തരവാദപ്രവര്‍ത്തനത്തോട് കണ്ണിചേര്‍ക്കേണ്ടതല്ല എന്റെ വീക്ഷണങ്ങള്‍ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ എന്റെ പോസ്റ്റിനു കീഴെയിട്ട ലിങ്കിന്റെ കാര്യത്തില്‍ എന്റെ പ്രതിഷേധം ഞാന്‍ അറിയിച്ചപ്പോള്‍ സീമാ വാസുദേവ് അത് നീക്കം ചെയ്തു. നന്ദി. എന്നാല്‍ ഇക്കാരണം കൊണ്ട് ബ്ലോഗ് സദാചാരത്തിന് എന്നല്ല പൊതുവിലുള്ള സദാചാരത്തിനു തന്നെ എതിരായ മറ്റു ബ്ലോഗുകള്‍ തുടരുന്നത് നീതീകരിക്കാനാകില്ല. ഗോവിന്ദപ്പിള്ളയും കേരളാ പോലീസും പറഞ്ഞാല്‍ മറ്റ് ബ്ലോഗുകള്‍ നീക്കം ചെയ്യാം
എന്നു കരുതുന്നത് ശരിയല്ല.

പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശത്തില്‍ കരീം മാഷ് ഇക്കാര്യം പറയാതെപോയി എന്നതിനാലാണ് ഈ കുറിപ്പ്.

12 Comments:

At 11:22 AM, Blogger Unknown said...

ഇടത്പക്ഷം ചേട്ടാ,
ഗോവിന്ദപ്പിള്ളയുടെ പേരിലും ഇ.എം.എസിന്റെ പേരിലും ബ്ലോഗിറക്കിയാല്‍ ഞെട്ടിക്കും എന്നതൊക്കെ പാര്‍ട്ടി ഓഫീസില്‍ നടക്കും.അതേ പോലെ പോലീസിന്റെ പേരില്‍ ബ്ലോഗിറക്കിയാല്‍ ഉരുട്ടും എന്നത് ഏഡ് മിന്നല്‍ കുട്ടന്‍പിള്ളയുടെ സ്റ്റേഷനതിര്‍ത്തിയിലും നടക്കും.ഇത് സ്ഥലം വേറെയല്ലേ. ഇന്റര്‍നെറ്റില്‍ നാളെ ഞാന്‍ സി.പി.എം കേരളാ യൂണിറ്റ് ഡോട്ട് കോം എന്നോ കേരളാപോലീസ് എന്നൊരു ബ്ലോഗ് ഉണ്ടാക്കിയാല്‍ അതിനെതിരെ ആര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും?

ബ്ലോഗ് എന്നത് പരിപൂര്‍ണ്ണമായ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു സ്ഥലമാണ്.അശ്ലീലവും വ്യക്തിഹത്യയും ഇല്ലെങ്കില്‍ ബ്ലോഗിന്റെ പേര് നോക്കി മാത്രം വിമര്‍ശിക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.

 
At 11:47 AM, Blogger കണ്ണൂസ്‌ said...

ഇടതു പക്ഷം,

ഞാന്‍ ചൂണ്ടിക്കാണിക്കണം എന്നു വിചാരിച്ചിരുന്ന ഒരു കാര്യമായിരുന്നു ഇത്‌. പിന്നെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതു കൊണ്ടു മാത്രം ഒരു തറ ബ്ലോഗിന്‌ വായനക്കാര്‍ ഉണ്ടാവണ്ട എന്നു വെച്ചാണ്‌ മിണ്ടാതിരുന്നത്‌.

ദില്‍ബാ,

അങ്ങിനെയാണെങ്കില്‍ ബ്രാന്‍ഡ്‌ നെയിമുകള്‍ക്കൊന്നും ഒരു വിലയുമില്ലല്ലോ.

നിയമപരമായ വിലക്ക്‌ ഇല്ല എന്നതു കൊണ്ടു മാത്രം ആര്‍ക്കും ഏതു പേരും എടുത്ത്‌ എന്തു തോന്നിവാസവും പറയാം എന്നത്‌ ശരിയല്ല. ബ്ലോഗില്‍ ഇതു വരെ തുടങ്ങിയിട്ടില്ലെങ്കിലും ഇന്റര്‍നെറ്റ്‌ കമ്മ്യൂണിറ്റികളിലെ വലിയൊരു പ്രശ്‌നമാണ്‌ ക്ലോണിംഗ്‌. നാളെ ഒരാള്‍ കണ്ണുസ്‌ എന്നോ ദില്‍ബസുരന്‍ എന്നോ ചെറിയ വ്യത്യാസം വരുത്തി പുലഭ്യം തുടങ്ങിയാല്‍ നമുക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ അത്‌ ധാര്‍മികമല്ലല്ലോ.

 
At 11:47 AM, Blogger രാജ് said...

ദില്‍ബു ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നതു് എത്ര മാത്രം ശ്ലാഘനീയമായ വസ്തുതയാണെന്നെനിക്കറിയില്ല. ചിലര്‍ക്കൊക്കെ ചെയ്യാന്‍ പറ്റും എന്നുള്ളതു വേറെ കാര്യം (മൈക്രോസോഫ്റ്റ് എന്ന പേരിലോ മറ്റോ തുടങ്ങി ആന്റി-മൈക്രോസോഫ്റ്റ് വിചാരങ്ങള്‍ പോസ്റ്റ് ചെയ്താല്‍ വിവരമറിയും). എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നതു പരാമര്‍ശിക്കപ്പെടേണ്ട വിഷയമല്ലെന്നു തന്നെ തോന്നുന്നു. net etiquette പാലിക്കാതിരിക്കുന്നതു കേമത്ത്വമാണെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതില്‍ പ്രത്യേകിച്ചു ‍കഴമ്പൊന്നുമില്ല, വിര്‍ച്ച്വലോ റിയലോ ആയ ഏതൊരു സമൂഹത്തിലുമുള്ളതു പോലെ അവരും സോഷ്യല്‍ നോയ്സിന്റെ ഭാഗമാവും അത്രമാത്രം. keralapolice.blogspot.com -ലെ content defaming ആണെന്നു സ്ഥാപിക്കുവാനായാല്‍ കേരള‌പോലീസിനു് ഈ ബ്ലോഗിനെതിരെ എളുപ്പം ഒരു denial of access, ISP -കളില്‍ നിന്നും സംഘടിപ്പിക്കാവുന്നതേയുള്ളൂ (നിയമങ്ങളൊക്കെ മാറി, നെറ്റിപ്പോള്‍ പൊതുസ്ഥലത്തിന്റെ നിര്‍വചനത്തില്‍ പെടുന്ന ഇടമാണു്, ആര്‍ക്കും ചുമ്മാ കയറി മേയാന്‍ പറ്റില്ല.)

 
At 12:30 PM, Blogger Santhosh said...

കൂടുതല്‍ പബ്ലിസിറ്റി നമ്മളായിട്ട് കൊടുക്കേണ്ട. പെരിങ്ങോടന്‍ തന്‍റെ അഭിപ്രായം സീമയുടെ ബ്ലോഗില്‍ ഇട്ടിരുന്നത് ശ്രദ്ധിച്ചിരുന്നു. ആ അഭിപ്രായം തന്നെയാണ് എനിക്കും.

 
At 1:12 PM, Blogger kusruthikkutukka said...

നിയമങ്ങളൊക്കെ മാറി, നെറ്റിപ്പോള്‍ പൊതുസ്ഥലത്തിന്റെ നിര്‍വചനത്തില്‍ പെടുന്ന ഇടമാണു്, ആര്‍ക്കും ചുമ്മാ കയറി മേയാന്‍ പറ്റില്ല."
ദില്‍ബു ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല ..അഹങ്കാരം വേണ്ടാ, Ï T Act 2002 വരുന്നതിനു മുമ്പേ മുംബൈ പോലീസ് കൈകാര്യം ചെയ്ത് ചില കേസുകള്‍ ഉണ്ടു,,,അതൊക്കെ വായിച്ചാല്‍ മതി...എന്തും ചെയ്താല്‍ ഉണ്ടാവുനതിന്റെ ഭവിഷത്തുകള്...
അതല്ലാ കോട്ടക്കലിലെ ആര്യവൈദ്യശാല ഉണ്ടെന്നും അവിടെ ചികിത്സ ഉണ്ടെന്ന അഹങ്കാരം ആണെങ്കില്‍ ...അനുഭവിചറിഞ്ഞൊ...
അനു വസ്തോ
ഗുരു വസ്തൊ
(ഉമെഷ്ജീ..ഇതു സംസ്ക്രുതം അല്ല)
അനുഭവം ആകട്ടെ നിന്റെ ഗുരു :)

 
At 1:17 PM, Anonymous Anonymous said...

ദില്ലു, ആള്‍മാറാട്ടം മറ്റൊരാളാനെന്നു തെറ്റിദ്ധരിപ്പിക്കല്‍ എല്ലാം ക്രിമിനല്‍ കുറ്റമാണ്‌. നെറ്റിലായാലും, നൈറ്റില്‍ ആയാലും.

കുസൃതി, നെറ്റ്‌ പൊതുസ്ഥലമാക്കിയോ അപ്പോ നെറ്റില്‍ പുകവലിക്കാന്‍ പാടില്ലല്ലോ :)

 
At 2:16 PM, Blogger മഹേഷ് said...

ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങളേക്കാള്‍‍ ഞാന്‍ കാണുന്നത് നൈതികതയുടെ പ്രശ്നമാണ്.

പി.ഗോവിന്ദപ്പിള്ള സി.പി.എം എന്ന പാര്‍ട്ടിയുടെ വിവരസാങ്കേതകതാകാര്യ വിദഗ്ദ്ധരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ പേരില്‍ ആള്‍മാറാട്ട ബ്ലോഗ് ഇറങ്ങിയാല്‍ പാര്‍ട്ടി സാധാരണ ഇറക്കുന്ന ആളുകളെക്കൊണ്ട് കൈകാര്യം ചെയ്യാനാവില്ല എന്നത് വാസ്തവം.അതിനേക്കാള്‍ കൌതുകം അദ്ദേഹമോ സഖാക്കളോ ഇത് അറിഞ്ഞില്ല എന്നതാണ്.

തിരിച്ചൊന്നും ചെയ്യാനാകാത്തിടത്ത് പോക്കരിത്തം കാട്ടുന്നത് ഭീരുക്കളും സംസ്കാരശൂന്യരുമാണ്.യുദ്ധവിജയത്തിന് നിരായുധരായ പൌരജനങ്ങളെ കൊന്നൊടുക്കുന്ന സംസ്കാരവും ഇതും തമ്മില്‍ വലിയ അന്തരമില്ല,ആശയതലത്തില്‍.

വിയോജിപ്പുകള്‍ പോക്കിരിത്തരത്തില്‍ പ്രകടമാക്കുന്നതിനോട് ഒരു നിലയിലും യോജിക്കാനാവില്ല. എന്റെ വ്യക്തിപരമായ അനുഭവമാണ് ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.സന്തോഷിന്റെ അഭിപ്രായപ്രകടനം നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു

 
At 2:36 PM, Blogger K.V Manikantan said...

ദില്‍ബൂ,
ഇത്ര പെട്ടന്ന് ചാടിക്കേറി അഭിപ്രായം പറയണമായിരുന്നോ? വളരെ നല്ല -നാളെ ഒരു പ്രധാന ഇഷ്യൂ ആകേണ്ട കാര്യമല്ലേ” ലെഫ്റ്റ് ബ്രദറ് പറഞ്ഞത്?

പ്രസ്ഥാനങ്ങള്‍ എത്ര കോണ്‍ഷ്യസ് ആണെന്ന് കാവിപ്പട എന്നോ, മദനിയുടെ മക്കള്‍ എന്നോ മറ്റോ ഒരു ബ്ലോഗ് തുടങ്ങി കുറച്ച് എരിവു പോസ്റ്റുകള്‍ നടത്തിയാല്‍ അറിയാം അനിയാ....

 
At 3:12 PM, Blogger viswaprabha വിശ്വപ്രഭ said...

ഇടതുപക്ഷം എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആളേ,

വളരെ പ്രൌഢവും കാലികവുമായ ലേഖനം തന്നെയായിരിക്കുന്നു ഇത്. നിഴലുകളോടു യുദ്ധം ചെയ്യാനാവാത്ത പോലെത്തന്നെ നിഴലുകള്‍ക്കുമാവില്ല യുദ്ധം ചെയ്യാന്‍.അതേ സമയം തന്നെ ഇടതുപക്ഷം, കല്ലേച്ചി തുടങ്ങിയ എഴുത്തുകാര്‍ ചെയ്യുന്നതുപോലുള്ള മറഞ്ഞിരിക്കല്‍ വളരെ ശ്ലാഘനീയമാണു താനും.

ഇത്ര കാലമായിട്ടും സ്വാതന്ത്ര്യം എന്നതിന് നമ്മുടെ ആളുകള്‍ മനസ്സിലാക്കുന്ന അര്‍ത്ഥതലങ്ങള്‍ അതിന്റെ കേവലമാനങ്ങളിലേക്ക് ഉയര്‍ന്നിട്ടില്ല എന്നതാണ് സങ്കടം.

നമ്മുടെ നിയമവും നീതിയും സമൂഹബോധവും എല്ലാം ഇപ്പോള്‍ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുന്നത് മിക്കവാറും തെറ്റായിത്തന്നെ. ക്രൂരലോകം എന്നു മറ്റിടങ്ങളില്‍ വാഴ്ത്തിപ്പാടുന്ന അറബിനാടുകളില്‍ രാത്രി രണ്ടുമണിക്കും ഒരു പെണ്‍കുട്ടിക്ക് അവളുടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു ഒറ്റയ്ക്ക് നടന്നുപോകാന്‍ കഴിയുന്നത് സ്വാതന്ത്ര്യമാണ്. പ്രത്യുത, നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും അന്തിമയങ്ങുമ്പോഴേക്കും വീട്ടില്‍ ചേക്കേറാന്‍ തിടുക്കം കൂട്ടേണ്ടി വരുന്ന നവദമ്പതികളുടേതോ, സ്വാതന്ത്ര്യമല്ല, ഭീകരമായ പാരതന്ത്ര്യമാണ്.

അബദ്ധജടിലമായ ഒരു ‘സ്വാതന്ത്ര്യ’വ്യാഖ്യാനം ധരിച്ചുവെച്ചതുകൊണ്ടായിരിക്കാം,
നെറ്റിലിരിയ്ക്കുമ്പോള്‍ സമസ്തലോകവും സ്ക്രീനിനു തൊട്ടു പിന്നില്‍,‍ എന്നിട്ടും നമ്മെ കയ്യെത്തിച്ചുപിടിക്കാന്‍ ഒക്കാത്ത ദൂരത്തിലുള്ള, ഒരു മായാലോകമാണെന്ന തോന്നല്‍ ഇവര്‍ക്കു തോന്നുന്നത്. ആ ഒരു വ്യര്‍ത്ഥസുരക്ഷാബോധത്തിലൂന്നി നിഴല്‍‌യുദ്ധങ്ങള്‍ നടത്തുന്നവരോട് സഹതപിക്കാനേ പറ്റൂ.

ആത്യന്തികമായി നമ്മുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാന്‍ പോകുന്നത് നമ്മുടെ തന്നെ മര്യാദയും ആര്‍ജ്ജവവും സഹജീവനബോധവുമാണ്; പോലീസുകാരും സര്‍ക്കാരും പിന്നെയേ വരുന്നുള്ളൂ.

 
At 3:52 PM, Blogger Unknown said...

സംഭവം ശരിയാണ്. നിയമപരമായ കോണിലൂടെയല്ല ഞാന്‍ പറഞ്ഞത്. ആള്‍മാറാട്ടവും ഇന്റര്‍നെറ്റിലൂടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ശിക്ഷാര്‍ഹവും എതിര്‍ക്കപ്പെടേണ്ടതും തന്നെ.

അശ്ലീലവും വ്യക്തിഹത്യയും ഇല്ലെങ്കില്‍ ബ്ലോഗിന്റെ പേര് നോക്കി മാത്രം വിമര്‍ശിക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. ഇതാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഒരു ബ്ലോഗിന്റെ പേരില്‍ എന്തിരിക്കുന്നു എന്നാണ് ചോദിച്ചത്? ആ ബ്ലോഗിലെ കണ്ടന്റ് ഡീഫേമേറ്ററിയാണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടത് തന്നെ.

അല്‍പ്പം ലാഘവത്തോടെ ഈ ഇഷ്യുവിനെ ഞാന്‍ കണ്ടു എന്ന് കുറ്റസമ്മതം നടത്തുന്നു.ബ്ലോഗിങ്ങിനേക്കാള്‍ ആഴത്തിലുള്ള കാര്യങ്ങള്‍ ചിന്തിക്കാതെയാണ് അഭിപ്രായം പറഞ്ഞത്.

(ഓടോ: എല്ലാ അടിയും കിട്ടി ബോധിച്ചു.ആര്യവൈദ്യശാലയിലെ ചികിത്സ എനിക്ക് ഫ്രീ ആണ് എന്ന ധൈര്യം തീര്‍ച്ചയായും ഉണ്ട്.എങ്ങും പോകുന്നില്ല.ഇവിടെ തന്നെ ഉണ്ട്):-)

 
At 6:35 PM, Blogger Unknown said...

ഇടതുപക്ഷമേ, താങ്കളുടെ പല നിരീക്ഷണങ്ങളോടും യോജിപ്പും ബഹുമാനവുമുള്ള ഒരു കക്ഷിയാണു ഞാന്‍. ഒന്നു ചോദിച്ചോട്ടേ - (ആനക്കാര്യത്തിനിടയ്ക്ക്‌ ചേനക്കാര്യം എന്നു കരുതരുത്‌ )- “പി.ഗോവിന്ദപ്പിള്ള സി.പി.എം എന്ന പാര്‍ട്ടിയുടെ വിവരസാങ്കേതകതാകാര്യ വിദഗ്ദ്ധരില്‍ ഒരാളാണ്“ എന്ന് താങ്കള്‍ പറയുന്നു. ‘പീജി’ എന്നു ഞങ്ങളൊക്കെ വിളിക്കുമായിരുന്ന ആളെത്തന്നെയാണോ ഉദ്ദേശിച്ചത്‌? (ഞാന്‍ സീമയുടെ ബ്ലോഗ് നോക്കാന്‍ പോയില്ല.) പീജിയാണെങ്കില്‍ - അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതല്ലേ? അദ്ദേഹം വീണ്ടും പാര്‍ട്ടിയിലെത്തിയോ? അതോ അദ്ദേഹത്തെ പുറത്താക്കിയത്‌ താങ്കള്‍ മറന്നതോ? അതോ ഇനി മറ്റേതെങ്കിലും ആളാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്‌ എന്നും സംശയമുണ്ട്‌.

‘വിവര‍സാങ്കേതികത‘ എന്ന് പറയുമ്പോള്‍ ‘information technology' എന്ന അര്ത്ഥം വരുന്നതിന്‍റെ പ്രശ്നവുമുണ്ട്‌. ‘സി.പി.എം എന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രനിലപാടുകളില്‍ അപാരമായ വിജ്ഞാനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ വൈദഗ്ദ്ധ്യവും ഉള്ളയാള്‍ ‘ എന്ന് അര്‍ത്ഥത്തിലാണ് താങ്കള്‍ പറഞ്ഞതെങ്കില്‍ പീജിയേത്തന്നെയാണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടോ എന്ന ഒരു സംശയം അപ്പോഴും ബാക്കിയുണ്ട്‌.

താങ്കളുടെ കൂടുതല്‍ ഈടുറ്റ രചനകള്ക്കായി ഇനിയും കാതോര്‍ക്കാം. വല്ലപ്പോഴും ഈയുള്ളവന്‍റെ ‘കാണാപ്പുറ‘ത്തും ഒന്ന്‌ എത്തി നോക്കണമെന്നപേക്ഷ. പരിധികളില്ലാത്ത ആശയസം‌വാദത്തിന് ഇടം തുറന്നു തരുന്ന ബൂലോകത്തിലൂടെ പദമിടറാതെ നമുക്കൊരുമിച്ചു മുന്നേറാം. പ്രബുദ്ധകേരളത്തിന്‍റെ ബൌദ്ധിക വ്യാപാര മണ്ഠലങ്ങളില്‍ പുതിയ ചിന്തകളുടെയും ആരോഗ്യകരമായ സം‌വാദങ്ങളുടേയും വിത്തുകള്‍ പാകിക്കൊണ്ട്‌.

 
At 11:49 PM, Blogger മഹേഷ് said...

പി.ഗോവിന്ദപ്പിള്ളയെ പാര്‍ട്ടിയിലെ പദവികളില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ഞാന്‍ കരുതിയത്. അതിലപ്പുറം ഒന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
വിവരസാങ്കേതികതയുടെ കാര്യത്തില്‍ പാര്‍ടിയുടെ ഉപദേഷ്ടാവ് അദ്ദേഹമായിരുന്നു.വേറെ ആളുകളും ഉണ്ടായിക്കാം.സിനിമയുടെ ഒരു വിദഗ്ദ്ധനും ഇദ്ദേഹം തന്നെ ആയിരുന്നല്ലോ.
വൈദഗ്ദ്ധ്യം എത്രത്തോളമുണ്ട് എന്ന് പിജിക്കറിയാം.പിന്നെ അനുഭവസ്ഥര്‍ക്കും.
നൈതികതയുടെ പ്രശ്നമാണ് ഞാന്‍ ഉന്നയിച്ചത്.പിജി അതിനു നിമിത്തമായി എന്നു മാത്രം.

 

Post a Comment

<< Home