ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകള്‍
മലയാളഭാഷയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന അര്‍ത്ഥലോപം സംഭവിച്ച വാക്ക് ഇടതുപക്ഷം എന്നതാണ്. ഈ പ്രസ്താവം അവിശ്വസനീയമായി തോന്നാം. ഈ പദപ്രയോഗം പ്രിയംകരമായി കൊണ്ടുനടക്കുന്നവര്‍ക്ക് അലോസരവും തോന്നിയോക്കാം. എന്നാല്‍ ഇക്കാരണത്താല്‍ സത്യം സത്യമല്ലാതായി മാറുമോ. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ പൊതുവെ വിശേഷിച്ച് അര്‍ത്ഥവിവക്ഷകളില്ലാതെയാണ് ഉപയോഗിക്കപ്പെടുന്നത്. ജനാധിപത്യവിശ്വാസികള്‍ എന്നു തെരഞ്ഞടുപ്പ് കാലത്ത് പ്രയോഗിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കു വോട്ടുചെയ്യുന്നവര്‍ എന്നായിരിക്കും. അവരോടാണല്ലോ അഭ്യര്‍ത്ഥന. സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നിങ്ങനെയുള്ള ഇംഗ്ലീഷുവാക്കുകളേയും നാം ഇത്തരം ഒരു പദവിയില്‍ എത്തിച്ചിട്ടുണ്ട്.ഏതൊരു വാക്കിനും സുനിശ്ചിതമായ ഒരു സൂചിതം ഉണ്ടായിരിക്കും. അതിനെക്കുറിച്ച് പൊതുധാരണയുള്ള സമൂഹം ആ വാക്കു കേള്‍ക്കുമ്പോള്‍ സൂചിതം എന്തെന്നു മനസ്സിലാക്കും. സൂചിതം തെറ്റായി പ്രയോഗിച്ചാല്‍ അത് തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാര്യവിവരമില്ലാത്തവനാണ് വക്താവ് എന്നു മനസ്സിലാക്കുകയും ചെയ്യും.നായ,പൂച്ച, പശു എന്നിവയുടെ സൂചിതങ്ങള്‍ എന്തൊക്കെയെന്ന് നമ്മുക്കറിയാം.ഇവയെല്ലാം മൃഗങ്ങളാണെന്നും വളര്‍ത്തുമൃഗങ്ങളാണെന്നുമുള്ളതിനാല്‍ പൂച്ചയെ നായെന്നും പശുവിനെ പൂച്ചയെന്നും നായയെ പശുവെന്നും വിളിക്കാനാവില്ല എന്നു നമ്മുക്കറിയാം. ആകയാല്‍ സമൂഹത്തില്‍ ഇക്കാര്യത്തില്‍ നിലവിലുള്ള ധാരണള്‍ മാറ്റിമറിക്കാന്‍ ആരും മെനക്കെടാറില്ല.വസ്തുക്കളുടേയും ജീവജാലങ്ങളുടേയും കാര്യത്തില്‍ ഉറച്ച ധാരണകള്‍ അനുസരിച്ച് ആശയവിനിമയം നടക്കുമ്പോള്‍ വ്യാഖ്യാനാത്മകമായ സംവാദങ്ങളില്‍ പലപ്പേഴും ഇതു തകര്‍ക്കപ്പെടുന്നതായി കാണാം. ഉള്ളടക്കത്തിന് കൃത്യതയില്ലാത്ത പദങ്ങളുടെ കാര്യത്തില്‍ സ്വാഭാവികമായും ഇതു സംഭവിക്കാം. എന്നാല്‍ തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിക്കണമെന്ന് ഉദ്ദേശിച്ചും അര്‍ത്ഥാന്തരങ്ങളിലേക്ക് വാക്കുകളെ നയിക്കാറുണ്ട്. ഇടതുപക്ഷത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ അങ്ങനെ വന്നു ചേര്‍ന്നതാണ്.
ഫ്രഞ്ച് പാര്‍ലമെന്ററി പാരമ്പര്യത്തില്‍ നിന്ന് രാഷ്ട്രീയവ്യവഹാരങ്ങളിലേക്ക് കടന്നു വന്ന വാക്കാണ് ഇടതുപക്ഷം. ഭരണപക്ഷത്തിന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവര്‍ എന്ന നിലയില്‍ ആശയപരമായ പൊരുത്തമുള്ളവര്‍ പാര്‍ലമെന്റില്‍ ഇടതുഭാഗത്ത് ഇരിക്കുമായിരുന്നുവെന്നതില്‍ നിന്നാണ് ഈ വാക്ക് ഉടലെടുക്കുന്നത്. കമ്യൂണിസവുമായോ മാര്‍ക്സിസത്തന്റെ നൂറായിരം പ്രയോഗമാതൃകകളുമായോ ഈ വാക്കിന് ഒരു ചാര്‍ച്ചയും ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ഭരണവര്‍ഗ്ഗത്തോട് വിയോജിക്കുന്ന രാഷ്ട്രീയനിലപാട് പുലര്‍ത്തുന്നവര്‍ എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധിപ്പിച്ച് ഈ വാക്ക് ഉപയോഗിക്കപ്പെട്ടിരുന്നു. എന്നു വെച്ചാല്‍ കമ്യൂണിസ്റ്റുകാര്‍ ഇടതുപക്ഷത്തില്‍ പെടും എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. അത് അവര്‍ക്ക് എക്സ്ക്ലൂസിവായ വിശേഷണപദമല്ല എന്നു വേണം മനസ്സിലാക്കാന്‍.ഇന്ത്യയില്‍ ദേശീയപ്രസ്ഥാനകാലത്തു തന്നെ ഇടതുപക്ഷം എന്ന പദം പ്രയോഗത്തില്‍ ഉണ്ടായിരുന്നു. രാം മനോഹര്‍ ലോഹ്യ, അച്യുത് പട്‌വര്‍ദ്ധന്‍, അരുണാ ആസഫലി, ജയപ്രകാശ് നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് വിഭാഗമായിരുന്നു ഇടതു പക്ഷം. ഗാന്ധിജിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുകയും ദേശീയപ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം പലപ്പോഴും നേതൃത്വപരമായ മുന്നേറ്റങ്ങളും കാഴ്ചവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ കാലത്തെ ഒരു സംജ്ഞ ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എത്രത്തോളം പ്രസക്തിയുള്ളതായിരിക്കുമെന്ന് തര്‍ക്കിച്ച് സ്ഥാപിക്കേണ്ടതില്ല. ത്യാഗത്തിന്റേയും സഹനത്തിന്റേയും ഉന്നതശിഖരങ്ങളെവിടെ, കാല്‍ക്കാശിന് ഏതു വേഷവും കെട്ടാന്‍ മടിക്കാത്ത ഇന്നത്തെ നേതാക്കള്‍ എവിടെ.
ഇടതുപക്ഷം എന്ന വാക്ക് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും അതിന് ഒരു തരത്തിലുള്ള മാന്യത ചാര്‍ത്തിക്കിട്ടുന്നതും അടിയന്തരാവസ്ഥയ്ക്കു ശേഷമാണ്. ആധുനികഭാരതത്തിന്റെ ചരിത്രത്തെ അടിയന്തിരാവസ്ഥാപൂര്‍വ്വം എന്നും അടിയന്തരാവസ്ഥാനന്തരം എന്നും രണ്ടായി വേര്‍തിരിച്ചു പഠിക്കുന്നതിനു കാരണം സാമൂഹികരാഷ്ട്രമീമാംസാ പഠനങ്ങളില്‍ പ്രകടമായിത്തന്നെ കാണുന്ന ചില ആശയങ്ങളും വസ്തുതകളുമാണ്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥാക്കാലത്ത് മന:സമാധാനത്തോടെ കഴിഞ്ഞുകൂടിയവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍. എം.എന്‍.വിജയന്‍ ഉള്‍പ്പെടെയുള്ള ബുദ്ധിജീവികളെക്കുറിച്ചാണ് പറയുന്നത്. ഈയടുത്ത കാലത്തും മേപ്പടി ബുദ്ധിജീവി വിപ്ലവത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഇത്തരം വിപ്ലവകാരികള്‍ പ്രതികരിക്കേണ്ട ഘട്ടത്തില്‍ എന്താണ് ചെയ്യുകയെന്ന് നമ്മുക്ക് കാണാന്‍ അവസരമുണ്ടായി. ഇതിന് അനുപൂരകമായിരുന്നു അടിയന്തരാവസ്ഥാനന്തരമുണ്ടായ തെരഞ്ഞടുപ്പില്‍ കേരളത്തിലുണ്ടായ ജനവിധി. മഹാവിപ്ലവകാരികള്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. ഇതൊരിക്കലും അവസാനിക്കില്ലെന്നും സ്റ്റാലിന്റെ ഭരണം പോലത്തെ കാലമാണ് വരാന്‍ പോകുന്നത് എന്നും കരുതി സൈബീയിയിലേക്കു പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ കിടന്നുറങ്ങുന്നതാണെന്നു ആലോചിച്ച് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ബുദ്ധിയില്ലാജീവികള്‍ ഇന്ദിരാഗാന്ധിഭരണത്തിന് വോട്ടിലൂടെ മറുപടി നല്‍കി.
നമ്പൂതിരിപ്പാടായിരുന്നു അക്കാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരന്‍. താനും തന്റെ പാര്‍ട്ടിയും സുരക്ഷിതമായി അടിയന്തരാവസ്ഥ ആഘോഷിച്ചതിന്റെ ചളിപ്പ് മാറ്റാന്‍ അദ്ദേഹം ഒപ്പിച്ച പണിയാണ് നാണംമറക്കാന്‍ ഒന്നുമില്ലാതെ പെരുവഴിയിലായിപ്പോയ ബുദ്ധീജീവികളെ സംഘടിപ്പിക്കല്‍. പുരോഗമനകലാ സാഹിത്യസംഘം എന്നു പുതിയ പേരിട്ട് ഉദാരമാക്കിയ സംഘത്തോടൊപ്പം വരുന്ന കമ്യൂണിസ്റ്റുകാര്‍ എന്നു നേരെ പറയാന്‍ മടിയുള്ള തറവാടികളെ വിശേഷിപ്പിക്കാന്‍ അക്കാലത്ത് നടപ്പില്‍ വരുത്തിയ പദപ്രയോഗമാണ് ഇടതുപക്ഷ ബുദ്ധിജീവി. ആര്‍ക്കും ഇതാവാം. വേണ്ടത് ഇത്രമാത്രം, നമ്പൂതിരിപ്പാട് പറയുന്നതിനെ എതിര്‍ക്കരുത്. ബാക്കിയൊക്കെ സ്വന്തം ഇഷ്ടം പോലെ. ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുകൊടുക്കുന്നവരാണ് ഇവര്‍ എന്നു അടിയന്തരാവസ്ഥാകാലത്ത് തെളിയിച്ച ഈ നപുംസകങ്ങള്‍ വരച്ച വരയ്ക്ക് അപ്പുറം പോകില്ലെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ടല്ലോ.
അടിയന്തരാവസ്ഥയ്ക്കു തൊട്ടു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ഇന്നത്തെ സംഘപരിവാറുകാരോടൊപ്പം ഐക്യമുന്നണിയായിട്ടായിരുന്നു മത്സരം. കേരളത്തില്‍ അതു ഫലിച്ചില്ല. അടുത്ത തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുപോന്ന ആന്റണിമാരെയും ലീഗിനെയും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണവും ചേര്‍ത്ത മുന്നണിയായിരുന്നു. അതിനിട്ട പേരാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. ഫ്രഞ്ച് പാര്‍ലമെന്ററി പാരമ്പര്യത്തില്‍ നിന്ന് വന്ന ഒരു വാക്ക് എങ്ങനെ അര്‍ത്ഥലോപം വന്ന ഇന്നത്തെ അവസ്ഥയിലെത്തി എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ലീഗായാലും കേരളാ കോണ്‍ഗ്രസ്സായാലും ഏതു ചെകുത്താനായാലും ഞങ്ങളോടൊപ്പമാണെങ്കില്‍ ഇടതുപക്ഷം എന്നു പറഞ്ഞാല്‍ അവിടെ വാക്കിന് അര്‍ത്ഥം സ്വന്തക്കാര്‍ എന്നോ അധികാരത്തിന് വേണ്ടി എന്തിനും മടിക്കാത്തവര്‍ എന്നോ ഒക്കെയാണ്.
ഓര്‍ക്കുക: 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലം മുതല്‍ സ്വന്തം മുന്നണിയില്‍ സി.പി.ഐക്കാര്‍ ചേരുന്നതു വരെ അവര്‍ വലതന്മാരായിരുന്നു. അതിനിടയില്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും ഇടതുപക്ഷക്കാരായിരുന്നു.