ഇടതുപക്ഷം
Thursday, July 27, 2006
Tuesday, July 25, 2006
കുറ്റവാളികളും പൌരാവകാശവും
മദ്യപിച്ച് വണ്ടിയോടിച്ച് പോലീസ് പിടിയിലായ മന്ത്രിപുത്രനെ പോലീസ് വിട്ടയച്ചതായി വാര്‍ത്ത. പോലീസ് കസ്റ്റഡിയില്‍ ദിവസം ഒന്ന് എന്ന കണക്കിന് ആളുകള്‍ മരിക്കുന്നതായും വാര്‍ത്താപത്രങ്ങള്‍ തന്നെ പറയുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ മന്ത്രിപുത്രനാവണമെന്നു വന്നാല്‍ കേരളത്തില്‍ ഇനിയും എത്ര മന്ത്രിമാര്‍ വേണ്ടിവരും?പരിഹാരമില്ലാത്ത പ്രശ്നം തന്നെയിത്.ജനകീയജനാധിപത്യം വന്നാലല്ലാതെ എല്ലാവര്‍ക്കും ഫീസിളവ് കിട്ടില്ല എന്ന് മന്ത്രി ബേബി.
അല്ലെങ്കില്‍ ഫീസിളവിനെപ്പറ്റി അന്വേഷിക്കാന്‍ നില്‍ക്കാതെ അന്യസംസ്ഥാനത്ത് പോയി പഠിക്കാനുള്ള വകയെങ്കിലും ഉണ്ടായിരിക്കണം. അല്ലാതെ അത്യാഗ്രഹവുമായി എന്‍ട്രന്‍സ് പരീക്ഷയെഴുതി ഉല്‍കണ്ഠയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ ആരും പറഞ്ഞിട്ടില്ലല്ലോ.
Monday, July 24, 2006
സാനിയയുടെ പാവാട
സാനിയ എന്നാല്‍ സാനിയ മിര്‍സ.ടെന്നീസുകളിക്കാരിയായ ഇന്ത്യാക്കാരി.ലോകറാങ്കിംഗില്‍ സ്ഥാനം നേടിയ ഒരു കളിക്കാരിയായി സാനിയ പ്രശസ്തി നേടിയപ്പോഴാണ് ഹൈദരാബാദിലെ മൌലാനമാര്‍ക്ക് കലിയിളകിയത്. കളിച്ചതും ജയിച്ചതുമൊന്നുമല്ല കാര്യം. അവളുടെ കുപ്പായമായിരുന്നു പ്രശ്നം. സ്ത്രീകളെ മുഴുവന്‍ ബുര്‍ക്കയ്ക്കുള്ളില്‍ ഭദ്രമാക്കി സൂക്ഷിക്കുന്ന പുരോഹിതന്മാര്‍ക്ക് ടെന്നീസുകളിക്കാരിയുടെ കുപ്പായം കണ്ട് സഹിച്ചില്ല. അവര്‍ ഉടനെ തന്നെ തിട്ടൂരമിറക്കി. നിവൃത്തിയില്ലാതെ സാനിയ കുപ്പായം പരിഷ്കരിച്ചു. ബുര്‍ക്ക ധരിച്ചുവേണം കളിക്കളത്തിലിറങ്ങാന്‍ എന്നു പറയാതിരുന്ന സഹൃദയത്വം ശ്ലാഘനീയം തന്നെ. പുരോഹിതന്മാര്‍ സംതൃപ്തരായി.അതിനു ശേഷം സാനിയയ്ക്ക് കളിയില്‍ എന്തു മികവുണ്ടായി എന്നു നമ്മുടെ പുരോഹിതന്മാര്‍ അന്വേഷിച്ചുവോ,ആവോ! ചുരുങ്ങിയ പക്ഷം തങ്ങളുടെ മതക്കാരിയാണ് ഈ പെണ്‍കുട്ടി എന്നു കണ്ടെത്തി അധികാരപൂര്‍വ്വം കല്‍പനപുറപ്പെടുവിപ്പിച്ച അവര്‍ ഈ കുട്ടിയുടെ മത്സരവിജയത്തിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതായിരുന്നില്ലേ? ആര്‍ക്കറിയാം, ഒരു പക്ഷെ ഈ പുരോഹിതന്മാരുടെ ചെയ്തികളില്‍ ദൈവം തന്നെ അസംതൃപ്തി പ്രകടിപ്പിക്കുന്നതിനാലാവാം സാനിയയ്ക്ക് മികച്ച വിജയങ്ങള്‍ കൈവരിക്കാനാകാഞ്ഞത്.കായികതാരത്തിന്റെ കളിക്കളത്തിലെ വേഷം എന്തായിരിക്കണം എന്നു പുരോഹിതന്മാര്‍ നിശ്ചയിക്കുന്നതുപോലെ പുരോഹിതന്മാരുടെ വേഷം എന്തായിരിക്കണമെന്ന് കായികതാരങ്ങള്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും?ടീ ഷര്‍ട്ടും ഷോര്‍ട്ട്സും അദീദാസിന്റെ ഷൂവും. ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
പുരോഹിതന്മാര്‍ എന്തു ചെയ്യണമായിരുന്നു?
കുറച്ചു കാലം മുമ്പ് ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പേരില്‍ ഒരു ബ്രാന്റ് മദ്യം വിപണിയില്‍ ഇറങ്ങിയിരുന്നു. വിവരമറിഞ്ഞ ക്രൈസ്തവവിശ്വാസികളില്‍ ചിലരും പുരോഹിതന്മാരും വികാരഭരിതരായി. സഭയേയും അതിന്റെ പരിപാവനതയേയും അവഹേളിക്കുന്ന നടപടിയാണ് ഒരു മദ്യത്തിന് ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നു പേരു നല്‍കലെന്നും ഉടനെ അതു പിന്‍വലിക്കണമെന്നും അവര്‍ പ്രമേയം പാസ്സാക്കി. എന്നാല്‍ മദ്യപാനികളിലെ ഗവേഷണതല്‍പരര്‍ എങ്ങനെയാണ് ഈ പേര് മദ്യത്തിനു വന്നതെന്നു കണ്ടെത്തി. യൂറോപ്പിലെ ഒരു പുരോഹിതവിഭാഗമാണ് ഈ ബ്രാന്റിന്റെ ഉടമകള്‍ എന്നും അങ്ങിനെയാണ് മദ്യത്തിന് ഇങ്ങനെ ഒരു ബ്രാന്റ് നെയിം വന്നതെന്നും അവര്‍ കേരളീയരെ അറിയിച്ചു. അതില്‍ പിന്നെ പുരോഹിതന്മാര്‍ ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയില്ല.ഇതില്‍ നിന്നും മനസ്സിലാക്കേണ്ട കാര്യങ്ങള്‍:1. കേരളത്തിന്റെ പരിമിതവലയത്തിനുള്ളില്‍ നിന്ന് സഭാദ്ധ്യക്ഷന്മാര്‍ പറയുന്ന കാര്യങ്ങളില്‍ പലതും സാര്‍വ്വദേശീയതലത്തിലുള്ള സഭയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാതെയാണ്. വികാരപരമായ അത്തരം പ്രസ്താവങ്ങള്‍ക്ക് വാസ്തവവുമായി വലിയ ബന്ധമൊന്നും കാണാനിടയില്ല.
2. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പോലെ മദ്യനിര്‍മ്മാണശാലയും പുരോഹിതന്മാര്‍ക്ക് നടത്താവുന്നതാണ്. പോപ്പ് ഇത് വിലക്കിയിട്ടില്ല.
3. അങ്ങിനെ ലഭിക്കുന്ന ആദായം സ്വാശ്രയവിദ്യാലയത്തിന്റെ നടത്തിപ്പിന് ഉപയോഗിക്കാവുന്നതാണ്. അങ്ങിനെ പാടില്ലെന്ന് ഒരു പ്രമാണവുമില്ല.
4.കര്‍ഷകരെ രക്ഷിക്കാന്‍ ഇന്‍ഫാമിന് വാണിജ്യരംഗത്തി ഇറങ്ങാമെങ്കില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യവിദ്യാഭ്യാസം നല്‍കാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ ദൈവദോഷം ഒന്നും ഉണ്ടാകാനിടയില്ല.മാത്രമല്ല പുണ്യം കിട്ടുകയും ചെയ്യും. മദ്യപന്മാര്‍ക്ക് വിശ്വസിച്ച് കഴിക്കാവുന്ന ബ്രാന്റ് മദ്യം ലഭിക്കുകയും ചെയ്യും.
ഉപസംഹാരം :സല്‍ക്കര്‍മ്മം ചെയ്യുന്നതിന് ദുരഭിമാനം പ്രതിബന്ധമാകരുത്.