Wednesday, August 16, 2006

അവസാനിപ്പിക്കൂ ഈ ക്രൂരത.

സ്വാശ്രയകോളേജ്‌ പ്രശ്നത്തില്‍ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നുവെന്ന്‌ തോന്നിയപ്പോള്‍ പുരോഹിതന്മാര്‍ പുതിയ ഒരു രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചു.
കാര്യമിതാണ്‌: ന്യൂനപക്ഷമായതിനാലാണല്ലോ ഈ പൊല്ലാപ്പെല്ലാം. വേണ്ട, ഇനി ഭൂരിപക്ഷമായിക്കളയാം. ഇസ്ലാംമതക്കാരുടെ സംഖ്യാബലത്തിലുള്ള വളര്‍ച്ച കണ്ട്‌ സംഘപരിവാറുകാര്‍ വരെ അന്ധാളിച്ചു പോയിട്ടുണ്ട്‌. ഇക്കണക്കിന്‌ പോയാല്‍ കുറച്ചു കാലം കഴിഞ്ഞാല്‍ ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദു ന്യൂനപക്ഷമായിത്തിരും എന്നവര്‍ നിലവിളിക്കാന്‍ തുടങ്ങിയിട്ടും കുറച്ചായി. ഇതു തന്നെ വഴി.
ഒരു വഴി കണ്ടുകിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്‌. ഇടയലേഖനം തയ്യാറാക്കണം. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും അത്‌ വായിപ്പിക്കാം. വിശ്വാസികള്‍ അതനുസരിച്ച്‌ മറ്റു കാര്യങ്ങള്‍ ചെയ്തുകൊള്ളും.
കൂടുതല്‍ കുട്ടികളെപ്പോറ്റാന്‍ കഴിവുള്ളവര്‍ ഒന്നിലും രണ്ടിലുമായി നിറുത്തരുതെന്ന്‌ ഇടയലേഖനം എഴുതി പള്ളികളിലേക്ക്‌ അയച്ചു.
വളരെ ആലോചിച്ച്‌ തയ്യാറാക്കിയതാണ്‌ ഇടയലേഖനം. ഒരല്‍പം ബുദ്ധിയുള്ള ആര്‍ക്കും കേട്ടാല്‍ തോന്നുന്ന കാര്യമാണ്‌. എന്നാല്‍ ആരെങ്കിലും അത്‌ മനസ്സിലാക്കി ഒരു ചോദ്യം ചോദിച്ചോ? ഇങ്ങനെ ഹൃദയമില്ലാത്തവരായിപ്പോയല്ലോ നമ്മുടെ വിശ്വാസികള്‍!
ഇടയന്മാരെക്കാള്‍ കുട്ടികളെ പോറ്റാന്‍ കഴിവുള്ളവര്‍ ഇടവകയില്‍ എത്ര പേരുണ്ട്‌? ഇക്കാലമത്രയും പലതരം കുടുക്കില്‍ പെട്ട്‌ ഉടക്കിപ്പോയ പുരോഹിതന്മാരുടെ വിവാഹക്കാര്യം ആരെങ്കിലും ഉന്നയിക്കേണ്ടേ. അതുണ്ടായില്ല. പുരോഹിതനായതിനാല്‍ പെണ്ണുകെട്ടാന്‍ പറ്റാത്ത അവസ്ഥ ലോകത്തില്‍ എത്രപേര്‍ക്കുണ്ട്‌? ക്രൈസ്തവരില്‍ ബാക്കി എല്ലാതരം പുരോഹിതന്മാരും പെണ്ണും കെട്ടി സുഖിക്കുമ്പോള്‍ നമ്മുടെ ദു:ഖം ആരെങ്കിലും കാണണ്ടേ?
ആരും ഇക്കാര്യം പറയില്ല എന്നാണെങ്കില്‍ ഇടയലേഖനം മാറ്റിയെഴുതി നിവേദനമാക്കി പോപ്പിന്‌ അയച്ചു കൊടുക്കേണ്ടി വരും. വേറെന്തു വഴി? ഒരു അവസരം തന്നാല്‍ ഇടയലേഖനം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന്‌ മത്സരിച്ച്‌ തെളിയിക്കാന്‍ തയ്യാറായിരിക്കുന്നവരുടെ അവസരം നഷ്ടപ്പെടുത്തുന്നത്‌ ക്രൂരതയാണ്‌.
അവസാനിപ്പിക്കൂ ഈ ക്രൂരത.

6 Comments:

At 11:33 AM, Blogger പല്ലി said...

കുറച്ചുകൂടി മാന്യമായ വിമര്‍ശനം പൊരെ ഇടതുപക്ഷമെ.
ഇടതുപക്ഷമെന്ന പേരിന്റെ വില കൂടി കളയണമൊ?
കോഴയെ നമുക്കു എതിര്‍ക്കാം.
പക്ഷെ ന്യൂനപക്ഷമായലും,ഭൂരിപക്ഷമായാലും ഈ പുരോഹിതരുടെ നിലപാടുകള്‍ കേരളത്തിനും,മതസൌഹാര്‍ദ്ദത്തിനും സഹായകരമായിട്ടില്ലെ?

 
At 11:50 AM, Blogger Manjithkaini said...

ഇടയലേഖനത്തിന് ഇങ്ങനെയും ഒരു വ്യാഖ്യാനം ചമച്ച താങ്കളുടെ ഭാവന അപാരം എന്നു പറയാതെ വയ്യ.

കത്തോലിക്കാ സഭയെ ശരിക്കു മനസിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ലോകത്തുള്ള അച്ചന്മാരെല്ലാം ബ്രഹ്മാചാരികളായിരിക്കും എന്നുറപ്പുള്ളതുകൊണ്ടൊന്നുമല്ല സോദരാ സഭ ഇപ്പോഴും സെലിബസി എന്ന മിത്തിനെ മുറുകെപ്പിടിക്കുന്നത്. അതിനു മറ്റു ചില ലക്ഷ്യങ്ങളുമുണ്ട്. പോപ്പിനു വരെ മക്കളുണ്ടായിട്ടും സഭ ഈ നയം തള്ളിപ്പറഞ്ഞിട്ടില്ല.

അല്ല, അച്ചന്മാര്‍ക്കു കല്യാണം കഴിക്കണമെന്നുണ്ടെങ്കില്‍ വിശ്വാസികളുടെ അനുവാദം വേണമെന്നാണോ താങ്കളുടെ ധാരണ?

 
At 1:52 PM, Blogger മഹേഷ് said...

ഇടയലേഖനത്തെക്കുറിച്ചുള്ള പോസ്റ്റ്‌ മാന്യത കുറഞ്ഞതും നിലവാരമില്ലാത്തതുമാണെന്ന കമന്റുകള്‍ ശ്രദ്ധേയമാണ്‌.
കാരണം, മതം, രാഷ്ട്രീയം, പൊതുവ്യവഹാരമണ്ഡലം എന്നിവ തമ്മിലുള്ള അതിര്‍വരമ്പിനെക്കുറിച്ച്‌ നാം പുലര്‍ത്തുന്ന ധാരണകളാണ്‌. കേശവദേവ്‌ പണ്ട്‌ പറഞ്ഞ കാര്യമുണ്ട്‌: അമേരിക്കന്‍ പ്രസിഡന്റിനെ തെറിവിളിക്കാം, ആരെയും വിമര്‍ശിക്കാം.എന്നാല്‍ ലോക്കല്‍ എസ്‌.ഐയെ കുറ്റപ്പെടുത്തിയാല്‍ വിവരം അറിയും. സത്യമല്ലേ. ചില തരം ഇമ്മ്യൂണിറ്റികള്‍ നല്‍കുന്ന സംരക്ഷണമാണ്‌ ഏതു മതത്തിലേതായാലും പുരോഹിതന്മാരുടെ തോന്ന്യവാസങ്ങള്‍ക്ക്‌ വളംവെക്കുന്നത്‌.
സാനിയയുടെ പാവാട എന്ന പോസ്റ്റ്‌ ഉണര്‍ത്താത്ത വികാരം ക്രൈസ്തവപുരോഹിതന്മാരുടെ കാര്യത്തില്‍ ഉണ്ടാവുന്നത്‌ എന്തു കൊണ്ടാണ്‌? ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യമിതാണ്‌. അന്തസ്സാരമില്ലാത്ത സെക്കുലര്‍ബോധമാണ്‌ നമ്മുക്കുള്ളത്‌. മറിച്ചായിരുന്നതാണെങ്കില്‍ മതത്തെ പൊതുവ്യവഹാരമണ്ഡലത്തില്‍ ഇത്രയും ഇടപെടാന്‍ നാം സമ്മതിക്കുമായിരുന്നില്ല. പാശ്ചാത്യസമൂഹത്തില്‍ ക്രൈസ്തവസഭയ്ക്കുള്ളതിനേക്കാള്‍ സ്ഥാനം നാം അതിന്‌ കല്‍പിക്കുന്നത്‌ എന്തു കൊണ്ടാണ്‌? കേരളത്തിന്റെ ആധുനികീകരണത്തിന്‌ വമ്പിച്ച സംഭാവനകള്‍ അവര്‍ നല്‍കിയെന്ന വിശ്വാസമാണ്‌ അതിന്‌ കാരണം.. മതപ്രചരണത്തിന്‌ കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗവും അവര്‍ ഉപയോഗിച്ചിരുന്നു. ആതുരശുശ്രൂഷയും വിദ്യാലയവും ഒക്കെ അതിന്റെ ഭാഗമാണ്‌. അക്കാരണത്താലാണ്‌ ഇന്ന്‌ മതപ്രചരണം നടത്താനാവില്ല എന്നതിനാല്‍ അവയൊക്കെ വലിയ കച്ചവടത്തിന്റെ പ്രസ്ഥാനമായി മാറുന്നത്‌. ഇങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു സുഖവും തോന്നില്ല. പക്ഷെ എവിടെ ത്യാഗത്തിന്റെ, സേവനത്തിന്റെ ആ വാഴ്ത്തപ്പെട്ട പൈതൃകം? ഒരു ലജ്ജയുമില്ലാതെ കുടുംബാസൂത്രണം ഉപേക്ഷിക്കണമെന്ന്‌ ഇടയലേഖനമിറക്കുന്നത്‌ ഏത്‌ ആത്മീയതത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌?
തെരഞ്ഞെടുപ്പു കാലത്ത്‌ പുരോഹിതന്മാരുമായി രഹസ്യ അജന്‍ഡകള്‍ ചര്‍ച്ച നടത്താന്‍ രാഷ്ട്രീയനേതാക്കള്‍ പോകാറുണ്ടല്ലോ.ഏത്‌ ആത്മീയതത്വമാണാവോ അപ്പോള്‍ പുരോഹിതന്മാര്‍ രാഷ്ട്രീയക്കാരോട്‌ ചര്‍ച്ച ചെയ്യുന്നത്‌?
പള്ളി വേറെ പള്ളിക്കൂടം വേറെ എന്നു കാണാന്‍ പഠിക്കാത്ത കാലത്തോളം നമ്മുടെ സെക്കുലറിസം ഇത്തരം വൃത്തികേടുകള്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന സംസ്കാരശൂന്യതയായിരിക്കും.
പുരോഹിതന്മാരില്‍ പെണ്ണു കെട്ടണം എന്ന്‌ ആഗ്രഹിക്കുന്നവര്‍ വേഷം അഴിച്ചു കളഞ്ഞ്‌ കുടുംബജീവതത്തിലേക്ക്‌ വരുന്നുണ്ട്‌. നല്ല കാര്യം. ഭീരുക്കളും കൌശലക്കാരും കൂടുതലുള്ള നമ്മുടെ സമൂഹത്തില്‍ അങ്ങനെയല്ലാതെയും കാര്യങ്ങള്‍ നടത്താനാകുമല്ലോ. അതൊക്കെ പുരോഹിതന്മാരുടെ കാര്യം.

 
At 2:33 PM, Anonymous Anonymous said...

ഇടതേ
മതത്തിനെ തൊട്ടുകളിച്ചാല്‍ ആര്‍കും പൊള്ളും. എത്രയൊക്കെ പുരോഗമനചിന്താഗതിക്കാരനാണെങ്കിലും
മതം ഇപ്പോഴും നമ്മള്‍-അവര്‍ എന്നൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ പൊള്ളുന്നത് ഹിന്ദുക്കള്‍‌ക്കാവുമ്പോള്‍ മാത്രമേ അത് കൊടിയ പാപമാകുന്നുള്ളൂ. ബാകി എല്ലാവര്‍ക്കും അത് അവകാശവും ആവിശ്യവുമാണ്.
കുട്ടികളുടെ എണ്ണം കൂട്ടി നിര്‍ണ്ണായക ശക്തിയാകാന്‍ വി.എച്.പി പറഞ്ഞാലേ അത് മതഭീകരവാദമാകുന്നുള്ളു.

രാം വിലാസ് പാസ്വാന്‍ ബീഹാറില്‍ ഒരു മുസ്ലീം മുഖ്യമന്ത്രിയാകണം എന്ന് വാശിപിടിച്ച് ആഴ്ചകളോളം ഭരണസ്തംഭനമുണ്ടാക്കിയാലും ഒരു കുഴപ്പവുമില്ല.
ഒരു ഹിന്ദു ആകണം മുഖ്യമന്ത്രി എന്നായിരുന്നു വാശിയെങ്കില്‍ രാം വിലാസ് പാസ്വാനെ എല്ലാവരും കൂടി എറിഞ്ഞു കൊന്നേനെ.

ഇതിലൊന്നും പെടാതെ നേരെ ചിന്തിക്കുന്ന ചിലര്‍ എല്ലാ മതത്തിലുമുണ്ടെന്നത് ആശ്വാസകരം..അതു തന്നെ പ്രതീക്ഷയും.

 
At 7:21 PM, Anonymous Anonymous said...

ഇടതേ, ഈയിടെ ഒരു പുതിയ ഇടയലേഖനം കൂടി ഇറങ്ങിയത് താങ്കള്‍ ശ്രദ്ധിച്ചിരുന്നോ എന്തോ? കത്തോലിക്കരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നും പ്രത്യുല്പാദനത്തില്‍ അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്നും മറ്റും പറഞ്ഞ്‌? യാതൊരു നിയന്ത്രണവും ഇല്ലാതെ ഇങ്ങനെയങ്ങു പെരുകിത്തുടങ്ങിയാല്‍ ഇരുപതു കൊല്ലം കഴിഞ്ഞാല്‍ കേരളം ഒരു ഇസ്ലാമിക സംസ്ഥാനം ആയിത്തീരും എന്നും കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞിരുന്നു. പറഞ്ഞത് ‘ഭൂരിപക്ഷ’ക്കാരന്‍ അല്ലാത്തതു കൊണ്ട്‌ നമുക്കത്‌ ഏറ്റുപിടിച്ച്‌ ബഹളമൊന്നും ഉണ്ടാക്കണ്ട. ചുമ്മാ ചോദിച്ചെന്നേയുള്ളൂ. നമ്മളെ വിട്ടേക്ക്‌. ഒരു പാവം വഴിപോക്കനാണേ...

 
At 3:58 PM, Blogger josephjohn.m said...

njan ningalude vadhathodu yojikkunnu.veendum kaanaam
I want to creat a Malayalam blog.
Please inform the font installation metherd. Iam not a proffessional.
JOSEPH.

 

Post a Comment

<< Home