Monday, July 24, 2006

സാനിയയുടെ പാവാട

സാനിയ എന്നാല്‍ സാനിയ മിര്‍സ.ടെന്നീസുകളിക്കാരിയായ ഇന്ത്യാക്കാരി.ലോകറാങ്കിംഗില്‍ സ്ഥാനം നേടിയ ഒരു കളിക്കാരിയായി സാനിയ പ്രശസ്തി നേടിയപ്പോഴാണ്‌ ഹൈദരാബാദിലെ മൌലാനമാര്‍ക്ക്‌ കലിയിളകിയത്‌. കളിച്ചതും ജയിച്ചതുമൊന്നുമല്ല കാര്യം. അവളുടെ കുപ്പായമായിരുന്നു പ്രശ്നം. സ്ത്രീകളെ മുഴുവന്‍ ബുര്‍ക്കയ്ക്കുള്ളില്‍ ഭദ്രമാക്കി സൂക്ഷിക്കുന്ന പുരോഹിതന്മാര്‍ക്ക്‌ ടെന്നീസുകളിക്കാരിയുടെ കുപ്പായം കണ്ട്‌ സഹിച്ചില്ല. അവര്‍ ഉടനെ തന്നെ തിട്ടൂരമിറക്കി. നിവൃത്തിയില്ലാതെ സാനിയ കുപ്പായം പരിഷ്കരിച്ചു. ബുര്‍ക്ക ധരിച്ചുവേണം കളിക്കളത്തിലിറങ്ങാന്‍ എന്നു പറയാതിരുന്ന സഹൃദയത്വം ശ്ലാഘനീയം തന്നെ. പുരോഹിതന്മാര്‍ സംതൃപ്തരായി.അതിനു ശേഷം സാനിയയ്ക്ക്‌ കളിയില്‍ എന്തു മികവുണ്ടായി എന്നു നമ്മുടെ പുരോഹിതന്മാര്‍ അന്വേഷിച്ചുവോ,ആവോ! ചുരുങ്ങിയ പക്ഷം തങ്ങളുടെ മതക്കാരിയാണ്‌ ഈ പെണ്‍കുട്ടി എന്നു കണ്ടെത്തി അധികാരപൂര്‍വ്വം കല്‍പനപുറപ്പെടുവിപ്പിച്ച അവര്‍ ഈ കുട്ടിയുടെ മത്സരവിജയത്തിനുവേണ്ടി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കേണ്ടതായിരുന്നില്ലേ? ആര്‍ക്കറിയാം, ഒരു പക്ഷെ ഈ പുരോഹിതന്മാരുടെ ചെയ്തികളില്‍ ദൈവം തന്നെ അസംതൃപ്തി പ്രകടിപ്പിക്കുന്നതിനാലാവാം സാനിയയ്ക്ക്‌ മികച്ച വിജയങ്ങള്‍ കൈവരിക്കാനാകാഞ്ഞത്‌.
കായികതാരത്തിന്റെ കളിക്കളത്തിലെ വേഷം എന്തായിരിക്കണം എന്നു പുരോഹിതന്മാര്‍ നിശ്ചയിക്കുന്നതുപോലെ പുരോഹിതന്മാരുടെ വേഷം എന്തായിരിക്കണമെന്ന്‌ കായികതാരങ്ങള്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും?ടീ ഷര്‍ട്ടും ഷോര്‍ട്ട്സും അദീദാസിന്റെ ഷൂവും. ഒരു മാറ്റം ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌?

30 Comments:

At 3:27 PM, Anonymous Anonymous said...

സ്വാഗതം,
ഇരയുടെ പക്ഷത്ത് നിന്ന്‌ നി വിളിച്ച് പറയുന്നത്‌ കേള്‍ക്കാന്‍ വീണ്‍ദും വരാം.

 
At 6:28 PM, Blogger മഹേഷ് said...

തുളസി,സഞ്ജീവ്,
ഒരു മാറ്റം ആര്‍ക്കണ് ഇഷ്ടമല്ലാത്തത്?

 
At 9:52 PM, Anonymous Anonymous said...

http://www.blogger.com/comment.g?blogID=31546741&postID=115373186572534277&isPopup=true
3 comments
നാടോടുമ്പൊള്‍ നടുവെ ഓടാന്‍ ഈ വസ്ത്രധാരണം സാനിയയെ സഹായിക്കുന്നത്‌ ഫത്വ്വ പുറപ്പെടിയിക്കുന്നുവര്‍ അറിയുന്നില്ലല്ലൊ?

 
At 6:57 AM, Blogger :: niKk | നിക്ക് :: said...

അതൊക്കെ കൊച്ചി തന്നെ!

രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വന്നു നോക്കൂ, അവിടെ മത പുരോഹിതന്മാരുടെ കുട്ടികള്‍ വരെ കുഞ്ഞുപാവാടയുമിട്ടു ടെന്നീസ്‌ കളിക്കുന്നുണ്ടല്ലോ

മ്മടെ അഞ്ചു ബോബി ജോര്‍ജ്ജിനോട്‌ ബുര്‍ഖയിട്ടു ചാടാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും???

 
At 7:17 AM, Blogger മഹേഷ് said...

കളിക്കാരികളുടെ കുപ്പായം എന്തായിരിക്കണമെന്നു തീരുമാനിക്കാന്‍ പുരോഹിതന്മാര്‍ക്ക്‌ അവകാശമുണ്ടെങ്കില്‍ പുരോഹിതന്മാരുടെ വസ്ത്രം എന്തായിരിക്കണമെന്ന്‌ തീരുമാനിക്കാന്‍ കായികതാരങ്ങള്‍ക്ക്‌ അവകാശം ഉണ്ടായിരിക്കണംഡൈവത്തിന്റ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലാതെ പുരോഹിതന്മാര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിപാടുകള്‍ക്ക്‌ എന്താണ്‌ ഒരു ഉപശാന്തി?

 
At 3:19 PM, Anonymous Anonymous said...

നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമല്ലെ. സാനിയക്ക് ഷോര്‍ട്ട്സ് ധരിക്കാനും മൊല്ലാക്കമാര്‍ക്ക് അരുതെന്ന് പറയാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സാനിയ പര്‍ദ്ദ ധരിച്ചേ പറ്റൂ എന്ന് വാശി പിടിക്കരുതെന്നു മാത്രം.പ്രശ്നം അതല്ല. സാനിയ ടെന്നിസ് കളിക്കുമ്പോള്‍ നിതംബം വരെ കാണുന്ന വസ്ത്രം ധരിക്കണമെന്നും, റോജര്‍ ഫെഡററര്‍ കളിക്കുമ്പോള്‍ കാല്‍ മുട്ട് വരെ മറയുന്ന ട്രൌസര്‍ ധരിക്കാമെന്നും പറയുന്നവര്‍ ഏതു പക്ഷത്തെ പ്രതിനിധീകരിക്കുന്നു ?. ഇടതോ വലതോ അതോ “പുരുഷ” പക്ഷത്തെയോ? ഇവിടെ സദാചാരം ഉണ്ടാക്കുന്നത് എന്നും പുരുഷനാണല്ലോ‍. സ്ത്രീയുടെ ശരീരം എന്നും കമ്പോ‍ളവല്‍ക്ര് ത പുരുഷമേധാവിത്ത സമൂഹത്തില്‍ എന്നും മാര്‍ക്കറ്റ് ചെയ്യപ്പെടാനുള്ള ഉപാധി തന്നെയാണ്.

റോഷ്നി

 
At 3:32 PM, Blogger Rasheed Chalil said...

റോജര്‍ ഫെഡററര്‍ കളിക്കുമ്പോള്‍ കാല്‍ മുട്ട് വരെ മറയുന്ന ട്രൌസര്‍ ധരിക്കാമെന്നും പറയുന്നവര്‍ ഏതു പക്ഷത്തെ പ്രതിനിധീകരിക്കുന്നു ?. ഇടതോ വലതോ അതോ “പുരുഷ” പക്ഷത്തെയോ ?

അനോണീ ഞാന്‍ യോജിക്കുന്നു... 100% സത്യം

 
At 1:59 PM, Blogger . said...

സാനിയ ധരിക്കുന്നതു പോലെ ഷര്‍ട്ടും ട്രൗസറും ധരിപ്പിച്ച്‌ സ്വന്തം ഭാര്യയേയോ പെങ്ങളേയോ പുറത്തിറക്കാന്‍ പറ്റുമോ എന്നതാണ്‌ പ്രശ്നം. അപ്പോള്‍ സാനിയയുടെ വേഷം ശ്ലീലമോ അശ്ലീലമോ എന്ന ചോദ്യത്തിന്‌ ഉത്തരം ലഭിക്കും. കളി കാണുന്നതിലേറെ കളിക്കാരിയെ കാണാന്‍ കഴിയേണ്ടത്‌ അശ്ലീല പുരുഷത്വത്തിന്റെ ആഗ്രഹവും താല്‍പര്യവുമാണ്‌. സ്ത്രീയുടെ വസ്ത്രം ഞാന്‍ തീരുമാനിക്കുമെന്നുള്ള പുരുഷ മേധാവിത്വ അഹന്ത പൗരോഹിത്യത്തിന്റെ ഫത്‌വകളില്‍ മാത്രമല്ല, അശ്ലീലത്തെ സൗന്ദര്യവല്‍ക്കരിക്കുന്ന 'ലിബറല്‍ ഫത്‌വകളിലും' തെളിഞ്ഞു കാണാം.

പെണ്ണിനെ തൊലിയും ശരീരവുമാക്കി ചുരുക്കുന്ന വാണിജ്യതന്ത്രങ്ങള്‍ക്കു മുന്നില്‍ ഇടതു പക്ഷക്കാരന്‍ പോലും പ്രണാമങ്ങളര്‍പ്പിക്കുമ്പോള്‍ അട്ടഹസിക്കുന്നത്‌ ചെകുത്താന്‍ മാത്രമാണ്‌..

 
At 3:17 PM, Anonymous Anonymous said...

മൌലികവാദിയുടെ ചോദ്യം പ്രസക്തം. സാനിയയും അതുപോലെയുള്ള കളിക്കാരും, അച്ഛനമ്മമാരും സഹോദരങ്ങളും ഇല്ലാതെ ഭൂമിയില്‍ നിന്നു താനേ മുളച്ചു പൊങ്ങിയതാണെന്നു വിചാരിക്കാം. അപ്പോപിന്നെ നമ്മുടെ ഭാര്യയെയും പെങ്ങമ്മാരേയും മാത്രം തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഭര്‍ത്താക്കന്മാരും ആങ്ങളമാരും അച്ഛനമ്മമാരും ഇല്ലാത്തതുകൊണ്ടു് സാനിയമാരെ എന്തും ധരിപ്പിക്കാം.

 
At 4:19 PM, Blogger മഹേഷ് said...

കായികതാരത്തിന്‍റെ വസ്ത്രമെന്തെന്നു തീരുമാനിക്കാന്‍ പുരോഹിതര്‍ക്ക് അധികാരമുള്ളതു പോലെ പുരോഹിതരുടെ വസ്ത്രമെന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ കായികതാരങ്ങളെയെന്നല്ല ആരെയെങ്കിലും അനുവദിക്കുമോ എന്ന ഒരു ചോദ്യമുണ്ട്.
അമ്മ പെങ്ങന്മാര്‍ തുടങ്ങിയ ചപ്പടാച്ചികളല്ല ഇതിനു മറുപടിയായി പറയേണ്ടത്

 
At 10:09 AM, Blogger താരിഖ് റമദാന്‍ said...

മൗലികവാദിയോടും കെവിയോടും യോജിക്കാതിരിക്കാനാവില്ല. പണ്ടൊരിക്കല്‍ സാനിയ ക്യാമറക്കു മുന്നില്‍ വന്നത്‌ "പ്രസ്സ്‌ മീ" എന്ന് ടീ ഷര്‍ട്ടില്‍ എഴുതിപ്പിടിപ്പിച്ചു കൊണ്ടായിരുന്നു! അപ്പോള്‍ സാനിയ എന്ന ശരീരം ഒരു ശരാശരി ചെറുപ്പക്കാരനോട്‌ പറയുന്നതെന്താണ്‌?!

 
At 10:45 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഒരു മുസ്ലീം ആയി പോയി എന്നുള്ളതുകൊണ്ട് കളിക്കുമ്പോള്‍ പര്‍ദ്ദ ഇടേണ്ട ഗതി കേട് സമൂഹത്തിന്‍റെ അശ്ലീയമായി നമുക്ക് കാണേണ്ടിയിരിക്കുന്നു.
എന്നാല്‍ പ്രസ്സ് കോണ്‍ഫരന്‍സിന് വരുമ്പോള്‍, മറ്റ് പരിപാടികളില്‍ വരുമ്പോള്‍ സാനിയ ‘പ്രസ്സ് മീ.. കാച്ച് മീ..” ഇട്ടു വരുമ്പോള്‍ ഒന്നു പ്രസ്സ് ചെയ്യാന്‍ തോന്നിയില്ലെങ്കില്‍ പിന്നെ എന്ത് സഹ്രദയനാണ്?

അപ്പോള്‍ വേഷം എന്നുള്ളത് വെറുമൊരു വേഷമല്ലെന്നും അതിന് ഒരു പാട് അര്‍ത്ഥ തലങ്ങളുണ്ടേന്നും സാനിയയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശം ഉണ്ട്. എന്നാല്‍ സമൂഹത്തിന്‍റെ ഭാഗമായി വരുമ്പോള്‍ സമൂഹം നിര്‍ദ്ദേശിക്കുന്ന വസ്ത്രം പൊതു ചടങ്ങുകളില്‍ ഉപയോഗിക്കേണ്ട ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമാണ്.
മറ്റൊരു പ്രശ്നം കാഴ്ചയുടേയും അശ്ലീയതയുടേതുമാണ്.
ഇവിടെ കളീക്കാരെ അളക്കുന്നത് പ്രത്യേകിച്ചും ടെന്നീസ്, നീന്തല്‍, വനിത വോളീ തുടങ്ങിയതിലോക്കെ പുരുഷ വീക്ഷണം തന്നെ എന്നു പറയതിരിക്കാനാവില്ല്. കളിയേക്കാള്‍ ഏറെ കളിക്കാരുടെ തെന്നിമാറുന്ന വസ്ത്രങ്ങളിലേക്ക് കഴുകന്‍ കണ്ണുകള്‍ തുറിച്ചു നോക്കുന്നത് സാധാരണ കാഴ്ച ആയിരിക്കുന്നു.
അതിനൊക്കെ പുറമെ ഇതൊരു ബിസ്സിനസ്സ് കൂടി ആകുമ്പോള്‍ ഇതിനൊന്നും ഒരു പരിധിയും ഉണ്ടാകില്ല. ഇത്തരം വാര്‍ത്തകളെം തള്ളിക്കളയുകയാണ് സാനിയെ പോലെ നമ്മളും ചേയ്യേണ്ടിയിരുന്നത്.
സാനിയ യുടെ പാവാടയ്ക്കും ബ്രേസിയറിനും അവരുടെ വിജയങ്ങളുടെ കാലത്തു മാത്രമേ ആയുസ്സുള്ളു എന്ന് നമ്മള്‍ മനസ്സിലക്കുന്നില്ല ഒപ്പം സാനിയയും.

 
At 11:00 AM, Blogger ഇടിവാള്‍ said...

ഇടതു പക്ഷമേ.. !

ബുര്‍ഖ ധരിച്ചുള്ള ആ ടെന്നീസ് കളി ഞാനൊന്നാലോചിച്ചു ! ഹഹ !

മൌലികവാദി സാറേ: താങ്കളുടെ ആ ചോദ്യമുണ്ടല്ലോ, ഷോര്‍ട്സ് ഇടുവിച്ച്, അമ്മ പെങ്ങമ്മാരെ ആരേലും പുറത്തിറക്കുവോ എന്ന്..
വേണ്ടല്ലോ! ഈ പറഞ്ഞ സാനിയക്കു അച്ഛന്‍ എന്നൊരാളുണ്ടല്ലോ. അവര്‍ക്കെതിര്‍പ്പില്ലെങ്കില്‍ പിന്നെ മൊല്ലാക്കമാര്‍ക്കെന്താ പ്രശ്നം?

വസ്ത്രധാരണം ഇന്ത്യയില്‍ ഓരോ പൌരന്റേയും ആവിഷ്കാര സ്വാതന്ത്യമാണ്. അതിനു മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് ബലപ്രയോഗമാണ് ! മിയമ വിരുദ്ധവുമാണ്.

ഇരിങ്ങല്‍:

സാനിയ യുടെ പാവാടയ്ക്കും ബ്രേസിയറിനും അവരുടെ വിജയങ്ങളുടെ കാലത്തു മാത്രമേ ആയുസ്സുള്ളു എന്ന് നമ്മള്‍ മനസ്സിലക്കുന്നില്ല ഒപ്പം സാനിയയും.

അതു ശരിയല്ല ഇരിങ്ങല്‍ .. സാനിയക്കതു നന്നായി മനസ്സിലായിട്ടുണ്ട് ! അതുകൊണ്ടല്ലേ, കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന പോളിസി പ്രകാരം പുള്ളിക്കാരിയിപ്പോ, കളിക്കുന്ന ഡ്രസ്സില്‍ തന്നെ അഡ്വര്‍ടൈസ്മെന്റുകള്‍ കൊടുക്കുന്നത്. അല്ല, അതിലിപ്പോ, വല്യ തെറ്റില്ല,

ലോകറാങ്കില്‍ങ്ങില്‍ 250 സ്ഥാനത്തു നിക്കുന്ന ഒരുത്തിയാണു സാനിയ എങ്കില്‍, തുണിയുരിഞ്ഞു നിന്നാലും ഇത്രേം പബ്ലിസിറ്റി കിട്ടില്ലല്ലോ...

 
At 11:18 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന മണി ശൈലി സാ‍നിയ പ്രയോഗിക്കുന്നുവെന്നുള്ളത് ശരിതന്നെ. അതു കൊണ്ടാണ് അവര് പത്രങ്ങളോട് പറഞ്ഞത് ഓരൊ മീറ്റിനും ലക്ഷങ്ങളുടെ ചിലവുകളുണ്ടെന്നും അതിന് എനിക്ക് പണം കണ്ടെത്തേണ്ടി വരുന്നുവെന്നും. ആ പണം കണ്ടെത്തലിനെ നമുക്കെങ്ങിനെ കുറ്റം പറയാനാകും അല്ലേ...ശരീരം വിറ്റ് ജീവിക്കുന്നവരുടെ കൂട്ടത്തില്‍ ഇവരെയും ...ഏയ് അത്രയ്ക്കൊന്നുമില്ല.
എന്തായാലും അവരുടെ ഒരു ഫാനാണ് ഞാനും

 
At 2:22 PM, Blogger മഹേഷ് said...

പുരോഹിതന്മാര്‍ എന്തു ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഭാഗമാണ് പാവാട.
മതമൌലികവാദികള്‍ അസംബന്ധമായ യുക്തികള്‍ നിരത്തി സ്വയം സാധൂകരിക്കും. അതില്‍ വീഴാതിരിക്കാന്‍,മൌലികവാദത്തിന്‍റെ പാസ്സീവ് സപ്പോട്ടേഴ്സ് ആവാതിരിക്കാന്‍ ജാഗ്രത വേണം.
കമന്‍റുകള്‍ ഇക്കാര്യം ആവര്‍ത്തിച്ച് ബോധ്യമാക്കുന്നു

 
At 6:42 PM, Blogger . said...

ഇടതുപക്ഷക്കാരന്‍ പോലും ലിബറല്‍ വലതു പക്ഷ വസ്ത്ര വീക്ഷണത്തിന്റെ 'തുറന്ന സപ്പോര്‍ട്ടര്‍' ആവുന്നതിലെ യുക്തി എത്രയാലോചിച്ചിട്ടും എനിക്കു പിടി കിട്ടുന്നില്ല.

 
At 6:59 PM, Blogger മഹേഷ് said...

ലിബറല്‍ വലതുപക്ഷവസ്ത്രം എന്നാല്‍ എന്താണ് എന്ന് മനസ്സിലായില്ല.
ആധുനികത നല്കിയ സ്വാതന്ത്ര്യങ്ങളിലൊന്ന് വസ്ത്രധാരണത്തെക്കുറിച്ചുള്ളതാണ്.ആചാരപരമായ,കോയ്മാ സങ്കല്പവിധേയമായ സാമ്പ്രദായിക വസ്ത്രത്തില്‍ നിന്ന് വ്യക്തിയെ അത് സ്വതന്ത്രമാക്കി.
കൃത്യമായ ജാതി,മത സൂചനകള്‍ നല്കുന്ന വസ്ത്രം ഇന്നത്തെ നിലയില്‍ ആരും ധരിക്കേണ്ടതില്ല. എന്നാല്‍ സ്വന്തം അധികാരം സ്ഥാപിക്കുവാന്‍ മതാധികാരം ഇതിന് വിശ്വാസികളെ നിര്‍ബന്ധിക്കുന്നു.
മതം വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ പെടുന്നതായി അംഗീകരിക്കാം.വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള സ്വാതന്ത്ര്യം.
സംഘടിതമതങ്ങള്‍ ചെയ്യുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്താനാണ്.
അതിനെ അംഗീകരിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.സ്വന്തം കാര്യത്തില്‍ അതാവാം.എന്നാല്‍ എല്ലാവരും അത് അംഗീകരിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല

 
At 1:56 AM, Blogger . said...

ആധുനികത നല്‍കുന്ന എല്ലാ സൗകര്യങ്ങളും നമ്മളെടുത്തുപയോഗിക്കണോ എന്നതും ഒരു പ്രശ്‌നമാണ്‌. ഇറുകിയ വസ്ത്രം ധരിക്കുമ്പോഴും വയറും പൊക്കിള്‍ച്ചുഴിയും പുറത്ത്‌ കാണുമ്പോഴുമാണ്‌ സ്ത്രീ സ്വാതന്തയാവുന്നത്‌ എന്നത്‌ (ഏത്‌ കൊടും ചൂടിലും പുരുഷന്‍ ടൈയും കോട്ടും ധരിക്കണം എന്നുള്ളതും) പടിഞ്ഞാറന്‍ ലിബറലിസത്തോട്‌ അമിതവിധേയത്വം പുലര്‍ത്തുന്ന ഒരു സിദ്ധാന്തമാണ്‌. അമ്മയേയും പെങ്ങളേയും ബഹുമാനിക്കുന്ന, കുടുംബ മൂല്യങ്ങളേ വിലപ്പെട്ടതായിക്കാണുന്ന ഒരു സംസ്കാരത്തിന്‌ അതുള്‍ക്കൊള്ളാനാവില്ല എന്നത്‌ കൊണ്ടാണ്‌ സാനിയയുടെ വസ്ത്രം ധരിക്കാനുള്ള (അതായത്‌ വസ്ത്രം ധരിക്കാതിരിക്കാനുള്ള!) 'സ്വാതന്ത്ര്യം' അല്‍പം അതിരുകടന്നതാണെന്ന്‌ പറയേണ്ടി വരുന്നത്‌. ഇവിടെ അടിച്ചേല്‍പ്പിക്കലിന്റെ പ്രശ്നമുദിക്കുന്നില്ല. എല്ലാവരും അവരവരുടെ അഭിപ്രായം പറയുന്നു. മതപുരോഹിതര്‍ സാങ്കല്‍പ്പികമായ തങ്ങളുടെ അധികാരം നടപ്പിലാവണമെന്നും യാഥാസ്ഥിതിക നിലപാടുകള്‍ സ്വാഗതം ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നു. 'ലിബറല്‍ പുരോഹിതര്‍'കുടുംബ വിരുദ്ധവും സമൂഹ വിരുദ്ധവുമായ തങ്ങളുടെ 'ഫത്‌വ'കള്‍ നടപ്പിലാക്കിയേ തീരൂവെന്ന്‌ ശാഡ്ഢ്യം പിടിക്കുന്നു.

സ്ത്രീയെ തൊലിയും ശരീരവും ഉല്‍പന്നവും ഉപകരണവുമായിത്തന്നെയാണ്‌ ഇരു കൂട്ടരും മനസ്സിലാക്കുന്നതും പെരുമാറുന്നതും.

 
At 10:37 PM, Blogger മഹേഷ് said...

അമ്മയേയും പെങ്ങളേയും ബഹുമാനിക്കുന്ന, കുടുംബ മൂല്യങ്ങളേ വിലപ്പെട്ടതായിക്കാണുന്ന ഒരു സംസ്കാരത്തിന്‌ അതുള്‍ക്കൊള്ളാനാവില്ല എന്നത്‌ കൊണ്ടാണ്‌ സാനിയയുടെ വസ്ത്രം ധരിക്കാനുള്ള (അതായത്‌ വസ്ത്രം ധരിക്കാതിരിക്കാനുള്ള!) 'സ്വാതന്ത്ര്യം' അല്‍പം അതിരുകടന്നതാണെന്ന്‌ പറയേണ്ടി വരുന്നത്‌.

മൌലികവാദി ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. അമ്മയും പെങ്ങമ്മാരുമല്ല പ്രശ്നം. മറിച്ച് സാനിയയുടെ മതമാണ്. അല്ലെങ്കില്‍ ടെന്നീസ് എന്നല്ല എല്ലാ കായികവിനോദത്തിലുമുള്ള പെണ്‍വസ്ത്രം ചര്‍ച്ചാവിഷയമാകുമായിരുന്നു.മൌലാനമാര്‍ അതിനെക്കുറിച്ചൊന്നും എവിടെയും പറഞ്ഞിട്ടില്ലല്ലോ?

വസ്തുതകള്‍ സത്യസന്ധമായി കാണാന്‍ എന്നാണാവോ ഈ മനുഷ്യര്‍ക്കു സാധിക്കുക!

 
At 11:09 PM, Blogger . said...

ആരും ഇവിടെ പിന്തിരിപ്പന്‍ പുരോഹിതരുടെ വക്കാലത്തേറ്റെടുത്തു വന്നിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. പുരോഹിതരെ എതിര്‍ക്കുക എന്ന പേരില്‍ അശ്ലീലത്തിന്റെ പ്രചാരകരാവുന്നത്‌ ശരിയല്ല എന്നു ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. പിന്നെ സാനിയയുടെ മതം ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ട്‌ വന്നത്‌ ആദ്യമായി സാനിയ തന്നെയാണ്‌, പുരോഹിതരല്ല. താനൊരു തികഞ്ഞ മതവിശ്വസിയാണെന്നും കൃത്യമായ നമസ്കാരമാണ്‌ തന്റെ വിജയങ്ങള്‍ക്ക്‌ പിന്നിലെന്നും പറഞ്ഞ സാനിയ തന്നെ അല്‍പം കഴിഞ്ഞപ്പോള്‍ വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തെ ന്യായീകരിക്കുന്നതും കണ്ടു! ഇതൊക്കെക്കൂടി പുരോഹിതരെ പ്രകോപിച്ചില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ!

 
At 1:43 PM, Blogger മഹേഷ് said...

പൌരോഹിത്യം പുരോഹിതരുടെ കാര്യം.
സ്വാതന്ത്ര്യം എല്ലാവരുടേയും അവകാശവും.

മതത്തിന്റെ അധികാരം ഉപയോഗിച്ച് നടക്കുന്ന അത്രയും സ്വാതന്ത്ര്യധ്വംസനം ലോകമൊട്ടാകെ നോക്കിയാല്‍ വേറൊന്നും കാണില്ല.

മതം വിശ്വാസിയുടെ വ്യക്തിപരമായ കാര്യമാണ്. അതിനെ പൊതുമണ്ഡലത്തിലെ കാര്യങ്ങളില്‍ ആനുകൂല്യത്തിനും മേധാവിത്വത്തിനും ഉപയോഗിക്കുന്നതിനാലാണ് എല്ലാ സ്വാതന്ത്ര്യധ്വംസനവും ഉണ്ടാകുന്നത്.

പുരോഹിതന്മാരുടെ വക്കാലത്ത് ആരും ഏറ്റെടുക്കാത്തത് വേണ്ടെന്നു വെച്ചിട്ടല്ല. തികച്ചും അസംബന്ധമായ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാപ്പകല്‍ വിഢ്ഡിത്തം പറഞ്ഞ് കാലം കഴിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല എന്നതിനാലാണ്.

ലോകത്തിലെ ഒരു വിശ്വാസിക്കും മതത്തിന്റെ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാകില്ല. ആകാവുന്നേടത്തോളം മതവും ബാക്കി സൌകര്യവും എന്ന നിലയിലാണ് എല്ലാവരും. സാനിയയും അങ്ങനെയെന്നു മനസ്സിലാക്കുക. എന്നു വെച്ചാല്‍ താങ്കളെപ്പോലെ എന്നു മനസ്സിലാക്കുക.

 
At 12:18 PM, Blogger . said...

മതം എന്നത്‌ സൂക്ഷ്മാര്‍ഥത്തില്‍ മൂല്യങ്ങളാണ്‌. മതമൂല്യങ്ങള്‍ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന ഒരവസ്ഥ എന്തു കൊണ്ടും നല്ലതാണ്‌. മതത്തേയും മൂല്യങ്ങളേയും പുരോഹിതര്‍ ഹൈജാക്ക്‌ ചെയ്തതു കൊണ്ടുള്ള പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തിനുണ്ട്‌. അതേ സമയം മതത്തെയെന്ന പേരില്‍ പൊതു മൂല്യങ്ങളേയും പുരോഹിതരെയെന്ന പേരില്‍ സുസമ്മതമായ ധാര്‍മികതയെപ്പോലും ചോദ്യം ചെയ്യുന്നത്‌ അത്ര നല്ലതിനാണെന്ന്‌ തോന്നുന്നില്ല

വ്യക്തിയുടെ സ്വാതന്ത്ര്യം മുഴുവനായും സംരക്ഷിക്കപ്പെടേണ്ടതുണ്ടോ എന്നത്‌ തന്നെ വേറേ ചര്‍ച ചെയ്യപ്പെടേണ്ടതാണ്‌. സ്വാതന്ത്ര്യം പരിധികളും പരിമിതികളുമുള്ളതാണ്‌. മനുഷ്യന്‍ സമൂഹത്തില്‍ ജീവിക്കുന്നവനാകുമ്പോള്‍ തീര്‍ച്ചയായും സാമൂഹ്യ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയനാവേണ്ടി വരും. തന്റെ ചുറ്റുപാടിലേക്ക്‌ അശ്ലീലം പ്രസരിപ്പിച്ചു കൊണ്ടേയിരിക്കാന്‍ വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കുന്നത്‌ നമ്മെ ഒരിഞ്ചു പോലും മുന്നോട്ട്‌ നയിക്കാന്‍ വേണ്ടിയല്ല. മനുഷ്യത്വത്തില്‍ നിന്നും മൃഗാസക്തിയിലേക്ക്‌ തിരിച്ചു പോകാന്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്‌ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഹ്വാനമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. മൂല്യ നിരപേക്ഷമായ ഒരു ജീവിതം -അശ്ലീല ജീവിതം- സ്വപ്നം കാണുന്നവരാണ്‌ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച്‌ വാചാലരാകുന്നത്‌. അഥവാ ലിബറല്‍ വലതുപക്ഷക്കാര്‍. ഇത്തരം തീവ്ര വലതുപക്ഷ നിലപാടുകളെ ആഞ്ഞു പുല്‍കിക്കൊണ്ട്‌ എങ്ങനെയാണൊരാള്‍ക്ക്‌ ഇടതുപക്ഷം ആകാന്‍ കഴിയുന്നതെങ്ങനെ എന്നതാണ്‌.

എന്തായാലും സമൃദ്ധമായി സ്ത്രീ ശരീരം പുറത്ത്‌ കാണിക്കുന്നത്‌ അശ്ലീലം തന്നെയാണ്‌. പല ഇടതുപക്ഷനാട്യക്കാരും സമ്മതിച്ചു തരില്ലെങ്കിലും

 
At 10:25 PM, Blogger മഹേഷ് said...

മതം എന്നത്‌ സൂക്ഷ്മാര്‍ഥത്തില്‍ മൂല്യങ്ങളാണ്‌.

പ്രിയപ്പെട്ട മൌലികവാദീ,സ്ഥൂലാര്‍ത്ഥത്തില്‍ മതം എന്നാല്‍ എന്താണ്?
മതം പ്രായോഗികമാകുന്നത് സ്ഥൂലാര്‍ത്ഥത്തിലാണോ അതോ സൂക്ഷ്മാര്‍ത്ഥത്തിലോ?

ശരീരം,ആത്മാവ് എന്നിവയെക്കുറിച്ച് വേദാന്തം പറയാന്‍ ആര്‍ക്കും സാധിക്കും.പ്രായോഗിക മതത്തോട് സംവാദത്തിന് ചെന്നാല്‍ വിവരം അറിയും.

ചേകന്നൂര്‍ മൌലവി എന്നൊരാള്‍ മുമ്പ് അതിന് ശ്രമിച്ചതായി എനിക്കറിയാം.ചേകന്നൂരിന് എന്ത് സംഭവിച്ചുവെന്നും എനിക്കറിയാം.

മതമൂല്യങ്ങള്‍ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന ഒരവസ്ഥ എന്തു കൊണ്ടും നല്ലതാണ്‌ എന്ന അഭിപ്രായം താങ്കളുടേതാണ്. ചേകന്നൂരിന്റെ കുടുംബവും ഉറ്റവരും പോലും അത് സമ്മതിക്കുമോ?

മതത്തേയും മൂല്യങ്ങളേയും പുരോഹിതര്‍ ഹൈജാക്ക്‌ ചെയ്തതു കൊണ്ടുള്ള പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തിനുണ്ട്‌.
ശരി.പുരോഹിതന്മാര്‍ ഹൈജാക്ക് ചെയ്യാത്ത മതം എവിടെയാണുള്ളത് എന്നു കാണിച്ചു തരിക. അതു വരെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാതിരിക്കുക.

പുരോഹിതന്മാര്‍ നിങ്ങളെ രക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു.

 
At 2:21 AM, Blogger . said...

മതമോ മതേതരത്വമോ... ഏതാണ്‌ കൂടുതല്‍ സഹിഷ്ണുതാപരമെന്ന ചോദ്യത്തിന്‌ അധിക പേരുടേയും ഉത്തരം മതം എന്നാവും.

മതം -മത യാഥസ്ഥിതികത്വം- കൊന്നത്‌ ഒരു ചേകന്നൂര്‍ മൗലവിയെയാണ്‌. ചോര കണ്ടാല്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ മുന്നിലിട്ട്‌ മതം ഒരധ്യാപകനേയും വെട്ടി നുറുക്കിയിട്ടില്ല. ബി.ജെ.പിയെന്നും സി.പി.എമ്മെന്നും ലീഗെന്നും പറഞ്ഞ്‌ മതേതരത്വം അനാഥമാക്കിയ പിഞ്ചുകുഞ്ഞുങ്ങളുടെ, കുടുംബങ്ങളുടെ എണ്ണമെടുത്താല്‍ തീരുമോ ഈ കേരളത്തില്‍? ഇവിടെയൊന്നും മതേതരത്വം പ്രതി ചേര്‍ക്കപ്പെടാതെ പോകുന്നതെന്തു കൊണ്ടാണ്‌?!മതേതര അസഹിഷ്ണുതയെക്കുറിച്ച്‌ പ്രബന്ധങ്ങള്‍ രചിക്കപ്പെടാതെ പോകുന്നതെന്തു കൊണ്ടാണ്‌.

'മതം ഭീകരനാണ്‌', 'മതം അസഹിഷ്ണുവാണ്‌', 'മതം അപകടകാരിയാണ്‌' എന്ന് തുടങ്ങി അധീശത്വ സാമാന്യബോധം ചൊല്ലിപ്പഠിപ്പിച്ച അശ്ലീല പാഠങ്ങള്‍ ഓര്‍ത്തു ചൊല്ലി വര്‍ത്തമാനകാലത്തെ ശരിയായി അഭിമുഖീകരിക്കാന്‍ നമുക്ക്‌ കഴിയില്ല. മതേതരത്വത്തിന്റെ കട്ടിച്ചില്ലുള്ള കണ്ണട എടുത്തു മാറ്റി യാഥാര്‍ത്ഥ്യബോധത്തോടെ വിഷയങ്ങളെ സമീപിക്കുമ്പോള്‍ പൗരോഹിത്യം മാത്രമല്ല 'മതേതര താലിബാനിസവും' നിശിതമായ നിരൂപണത്തിന്‌ വിധേയമാവേണ്ടി വരും.

 
At 2:59 AM, Anonymous Anonymous said...

മൌലികവാദി സഹോദരാ
രണ്ടു ലോകമഹായുദ്ധങ്ങളും ഒരുമിച്ചു ചേര്‍ത്താല്‍ കിട്ടുന്നതിന്റെ എത്രയിരട്ടി ആളുകള്‍ മതത്തിന്റെ പേരില്‍ മരിച്ചെന്ന് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? അതോ മരിച്ചവരെല്ലാം സ്വര്‍ഗ്ഗത്തു പോയി രക്ഷപ്പെട്ടെന്ന് സമാധാനിക്കുകയാണോ?

കുരിശിന്റെ, ആര്യന്റെ, ജിഹാദിന്റെ രക്തം പുരന്‍ഡ വഴികളില്‍ മരിച്ചവര്‍ക്ക്‌ കണക്കില്ല.

ഒരു കോടി ആളുകള്‍ മരിക്കാന്‍ ഒരു കാരണമേയുണ്ടായിരുന്നുള്ളു- അവര്‍ ജൂതരായിരുന്നെന്നുള്ളത്‌. മതങ്ങളെല്ലാം നിന്നെ വഞ്ചിക്കുന്നു. അതിനു വേണ്ടി മരിച്ചാല്‍ നീ ദൈവത്തിനു പ്രിയപ്പെട്ടവനാകുമെന്ന് പറഞ്ഞ്‌ നിന്നെ ചതിക്കുന്നു.

പലസ്തീനിലും ഇസ്രയേലിലും ഇറാക്കിലും ഇന്ത്യയിലും ബംഗ്ലാദേശിലും റുവാണ്ടയിലും അമേരിക്കയിലും religion പേരില്‍ ചത്തവരും കൊന്നവരുമെല്ലാം ഒന്നും നേടിയില്ല. സ്വന്തം സൃഷ്ടികളില്‍ ഒന്നിനെ ഒടുക്കിയാല്‍ ദൈവം സ്വര്‍ഗ്ഗം സമ്മാനിക്കുമെന്ന് കരുതി ആ മൂടന്മാര്‍ വെട്ടിയും കൊന്നും ചത്തു. മൌലികമായി വാന്ദിച്ച്‌ നശിച്ചു പൊയി.

 
At 9:24 AM, Blogger മഹേഷ് said...

മതം -മത യാഥസ്ഥിതികത്വം- കൊന്നത്‌ ഒരു ചേകന്നൂര്‍ മൗലവിയെയാണ്‌.

കൊള്ളാം. നല്ല ചരിത്രബോധം. മൌലികവാദി ആദ്യമായി മതപുസ്തകമല്ലാത്തവ വായിക്കുക. ചരിത്രം നോക്കുക. കുരിശുയുദ്ധത്തിന്റെ പേരില്‍,ജിഹാദിന്റെ പേരില്‍,വംശശുദ്ധിയുടെ പേരില്‍ നടന്ന കൊലകളെക്കുറിച്ച് , വംശഹത്യകളെക്കുറിച്ച് വായിച്ചു മനസ്സിലാക്കുക.

എന്തായാലും ചേകന്നൂര്‍ മൌലവിയെ കൊന്നത് മതമാണ് എന്ന് താങ്കള്‍ സമ്മതിച്ചല്ലോ. മറ്റു മതമൌലികവാദികള്‍ സംസാരിക്കാനോ സംസാരിച്ചാല്‍ സമ്മതിക്കാനോ കൂട്ടക്കാത്ത ഇക്കാര്യം തുറന്നു സമ്മതിച്ചത് നല്ല ലക്ഷണമാണ്. ഈ സത്യസന്ധത മറ്റു കാര്യങ്ങളിലും ഉണ്ടായാല്‍ പതുക്കെ ഒരു നാള്‍ മതം ഹിംസാത്മകമായ ഘടനയാണെന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്കു സാധിക്കും.

സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

 
At 2:31 AM, Blogger ദേവന്‍ said...

ഇടതുപക്ഷം,
വളരെ താമസിച്ചാണ്‌ താങ്കളുടെ ബ്ലോഗില്‍ എത്തിപ്പെട്ടത്‌. പ്രത്യേകിച്ച്‌ ഒരു മതത്തിന്റെയും അനുയായിയല്ല ഞാന്‍, എങ്കിലും ഒരു സംശയം വിട്ടുപോവുന്നില്ല.

സിഖ്‌ മതക്കാരനാകാന്‍ കേശവും ദീക്ഷയും വളര്‍ത്തണം, പുകവലിക്കാതിരിക്കണം, കൃപാണവും കൈവളയും ധരിക്കണം. ക്രിസ്ത്യാനിയാകാന്‍ മാമോദീസ നടത്തണം എന്നൊക്കെ മതങ്ങള്‍ക്ക്‌ ചില ചിട്ടവട്ടങ്ങളുണ്ട്‌. ഇതിനെയൊന്നും അനുസരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല, ആ മതത്തിന്റെ ഭാഗമായിരിക്കാന്‍ ആഗ്രഹിക്കാത്തിടത്തോളം കാലം.

സാനിയക്ക്‌ മതരഹിതയായി എന്തും കാണിക്കാമല്ലോ. ഇസ്ലാം വിശ്വാസിയാണെന്ന് അവര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അതിന്റെ ചട്ടക്കൂടുകള്‍ അനുസരിച്ച്‌ ജീവിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥയല്ലേ? പര്‍ദ്ദ ധരിക്കണം എന്ന് ഇസ്ലാം പറയുന്നതായി എനിക്കറിവില്ല, പക്ഷേ ഹിജാബ്‌ തുടങ്ങി ചിലതുവേണമെന്ന് നിര്‍ദ്ദേശമുണ്ട്‌. സാനിയ അത്‌ അനുസരിക്കുകയോ മതത്തെ ഉപേക്ഷിക്കുകയോ ചെയ്യാതെ വിവാദങ്ങളുണ്ടാക്കുന്നത്‌ ഒരു പബ്ലിസിറ്റ്‌ സ്റ്റണ്ട്‌ ആയി തോന്നുന്നു
(മതങ്ങളെല്ലാം നല്ലതെന്ന് വിവക്ഷ ഇതിലില്ല

 
At 8:55 AM, Blogger മഹേഷ് said...

ഒരാളുടെ മതം സാധാരണനിലയില്‍ അയാളുടെ ജന്മം കൊണ്ട് കിട്ടുന്നതാണ്. അത്തരം ആളുകള്‍ വിശ്വാസിയായാലും അല്ലെങ്കിലും മതാചാരത്തിന്റെ വിധിവിലക്കുകള്‍ക്ക് വിധേയമായി ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ നിലനില്ക്കുന്നുണ്ടല്ലോ.താങ്കളെപ്പോലെ ഒരു മതത്തിന്റേയും വിശ്വാസിയല്ല എന്ന് പറയുവാന്‍ പ്രയാസമുള്ളവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും.അത്തരക്കാരുടെ മേല്‍ കുതിരകയറാന്‍ മതസംഘടനയ്ക്ക് എളുപ്പമാണ്. അത് ഒരു പൌരാവകാശപ്രശ്നമായി കണക്കിലെടുക്കേണ്ടതുണ്ട്.

 
At 12:56 AM, Blogger Visala Manaskan said...

ഈ ബ്ലോഗില്‍ ഞാന്‍ വന്നിട്ടില്ല. എന്നാലിന്നൊന്ന് വന്നേക്കാമെന്ന് കരുതി. (സാനിയയുടെ ഫാനായതുകൊണ്ടല്ല, മതവിദ്വേഷി ആയതുകൊണ്ടും അല്ല!)

എന്റെ ഒരു അഭിപ്രായം.

ടെന്നിസ് കളി പഠിച്ചപ്പോഴും അന്താരാഷ്ട്ര തലത്തില്‍ കളിച്ചു തുടങ്ങിയപ്പോഴും സാനിയാ ജിക്കും മൂപ്പരുടെ ഫാദര്‍ജിക്കും അറിയുമായിരുന്നു പര്‍ദ ഇട്ട് കളിക്കേണ്ട കളിയല്ല ഇതെന്ന്. ആയതിനാല്‍ മത പണ്ഢിതന്മാര്‍ പരസ്യമായി ഇത്തരം അഭിപ്രായം പറഞ്ഞ് ഒരു ഇഷ്യൂ ഉണ്ടാക്കിയത് ഒട്ടും ശരിയായില്ല.

ടെന്നിസ് കളിയോട് താത്പര്യം ഉള്ളവര്‍ സാനിയ കളിക്കുമ്പോള്‍ സാനിയയുടെ കളിയില്‍ ശ്രദ്ധിക്കുകയും, കളീ അറിയാന്‍ പാടില്ലാത്ത ‘ചില’ പണ്ഡിതന്മാര്‍ നഗ്നതയില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്ത് കുറ്റബോധത്തോടെ പരവശരാകുകയും ചെയ്യുന്നു. എന്നിട്ട് എല്ലാവരും അങ്ങിനെയാണെന്ന് വെറുതെ വിശ്വസിക്കുകയും ചെയ്യുന്നു. അതാണ് പ്രശ്നം.

അപ്പോള്‍ നീന്തല്‍ മത്സരത്തിന് പോകുന്ന പെണ്ണുങ്ങളുടെ കാര്യമോ??

അവര്‍ക്ക് ആര്‍ക്കും അച്ഛനും ആങ്ങളമാരും വീട്ടുകാരും ഇല്ലേ?

ഭാഗ്യം സാനിയ നീന്തല്‍ താരമാവാഞ്ഞത്. കഷ്ടപ്പെട്ടുപോയേനെ!!

 
At 2:55 PM, Blogger Abdul Azeez Vengara said...

ഇതൊന്നും ആരും കാണുന്നില്ലെ?

http://www.youtube.com/watch?v=fGMqI7sWfos

 

Post a Comment

<< Home