Sunday, September 17, 2006

ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും

കേരളീയരുടെ ഇഷ്ട ഒഴിവുസമയവിനോദം രാഷ്ട്രീയചര്‍ച്ചയാണ് എന്ന് ഒരു മദാമ്മ പറഞ്ഞു കേട്ടപ്പോള്‍ കൌതുകം തോന്നി.കുറേക്കാലം കേരളത്തില്‍ ജീവിക്കുകയും മലയാളികളെ അടുത്തു നിരീക്ഷിക്കുകയും ചെയ്ത മദാമ്മയുടെ നിരീക്ഷണം ശരിയല്ല എന്നു പറയാനാവില്ല.നാട്ടിന്‍പുറത്തെ ചായക്കട മുതല്‍ നഗരത്തിലെ ഓഫീസുകളും ചര്‍ച്ചാവേദിയുമൊക്കെ നാം ഈ ഇഷ്ടവിനോദത്താല്‍ മുഖരിതമാക്കാറുണ്ട്. അറിയാനും അറിയിക്കുവാനുമല്ല നമ്മുടെ രാഷ്ട്രീയചര്‍ച്ചകള്‍ .വാദിക്കാനും ജയിക്കാനുമുള്ള വിനോദമാണത്. അതിനാല്‍ അത് മാറ്റമില്ലാതെ ആവര്‍ത്തനവിരസതയില്ലാതെ എന്നും തുടരുവാന്‍ നമ്മുക്കു സാധിക്കുന്നു.നാട്ടിന്‍പുറത്തെ ഫുട്ബോള്‍ ടീമിന്റെ മത്സരം പോലെ ടീമുകളില്‍ ഓരോന്നും വിജയം നേടുന്ന വെറും കൌതുകക്കളിയാണ് നമ്മുടെ ചര്‍ച്ചകള്‍ .ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നവര്‍ എവിടെയെങ്കിലും എത്തിച്ചേരുന്നുവെന്നാ ണെങ്കില്‍ സഞ്ജയന്‍ പണ്ട് പറഞ്ഞതു പോലെ ഒരാള്‍ ആശുപത്രിയിലും അപരന്‍ പോലീസ് സ്റ്റേഷനിലുമായിരിക്കും.

രാഷ്ട്രീയം ഇഷ്ടവിഷയമല്ലാത്ത ബ്ലോഗില്‍ രാഷ്ട്രീയവുമായാണ് ഇടതുപക്ഷം ഇറങ്ങിത്തിരിച്ചത്. കൊള്ളാം നന്നായിട്ടുണ്ട് എന്നു കമന്റു പറയാന്‍ വലിയ സാദ്ധ്യതയില്ലാത്തതിനാല്‍ ഇടതുപക്ഷത്തിന്റെ പോസ്റ്റുകള്‍ക്ക് എന്നും കമന്റുകള്‍ കുറവായിരുന്നു.മുന്‍കാലത്തിന്റെ ഏകാന്തത അവസാനിപ്പിച്ചുകൊണ്ട് എഴുപത്തിയഞ്ച് കമന്റുകളുമായി ഇടതുപക്ഷം നില്ക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുവാന്‍ ആഗ്രഹം തോന്നി. അപ്പോഴാണ് ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും എന്ന ഈ പോസ്റ്റ് തയ്യാറാക്കുവാന്‍ തോന്നിയത്.രാഷ്ട്രീയം എന്ന് നമ്മള്‍ സാധാരണ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് കക്ഷിരാഷ്ട്രീയവും അതിലെ അതിജീവനത്തിന്റെ കുതന്ത്രങ്ങളുമാണ്.

ഇടതുപക്ഷം ആ അര്‍ത്ഥത്തിലല്ല രാഷ്ട്രീയത്തെ കാണുന്നത്. അത് പക്ഷാന്തരമുള്ളവരുടെ ചേരിയാണ്.അധികാരം കയ്യിലാക്കാനും വെട്ടിപ്പും തട്ടിപ്പും നടത്തുവാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത പാവം ജീവിതങ്ങളായിരുന്നില്ല ഒരിക്കലും ഒരിടത്തും രാഷ്ട്രീയക്കാരന്‍ . ദാര്‍ശനികമായ ഉള്‍ക്കരുത്തോടെ ത്യാഗത്തിന്റെ സഹനത്തിന്റേയും സാഹസികപഥങ്ങളില്‍ സഞ്ചരിക്കുന്നവനാണ് രാഷ്ട്രീയക്കാരന്‍ . അല്ലാതെ എം.എന്‍ .വിജയനെപ്പോലെ അടുത്തൂണ്‍ പറ്റി പിരിഞ്ഞതിനു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ അന്തം വിട്ട് മൈക്ക് കിട്ടുന്നേടത്തെല്ലാം കാറില്‍ സഞ്ചരിച്ച് വിപ്ലവത്തെക്കുറിച്ച് വികാരഭരിതനാകുന്ന തമാശക്കാരനല്ല.ദേശീയപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത നേതാക്കന്മാരുടെ മാതൃക പിന്തുടരുന്ന ഇത്തരം കോമാളിത്തമല്ല ഉള്‍ക്കാമ്പുള്ള രാഷ്ട്രീയത്തിന് അടിസ്ഥാനം. അത് അധികാരത്തിന്റെ വെളിമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ട പരകോടി നിസ്വരുടെ അനാവിഷ്കൃതമായ തൃഷ്ണകള്‍ക്കു ജീവന്‍ നല്കുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്. അത് അധികാരത്തിന്റെ എതിര്‍ദിശകളിലാണ് എന്നും സഞ്ചരിക്കുക. അധികാരം ആരുടെ മേലാണോ കുതിരകയറുന്നത് അവരോടൊപ്പമാണ് എന്നും രാഷ്ട്രീയം നിലയുറപ്പിക്കുക.അങ്ങനെയല്ലാത്ത വല്ലതുമാണ് രാഷ്ട്രീയമെന്ന് ധരിക്കാനിടയായിട്ടുണ്ടെങ്കില്‍ ആരാണ് ഈ ധാരണകള്‍ നിങ്ങളില്‍ ഉറപ്പിച്ചത് എന്ന് സ്വയംവിമര്‍ശനം നടത്തേണ്ടതാണ്.

പൊതുവ്യവഹാരത്തില്‍ ഏത് അര്‍ത്ഥത്തിലാണോ രാഷ്ട്രീയം എന്ന വാക്ക് ഉപയോഗിക്കുന്നത്,അര്‍ത്ഥത്തിലുള്ള രാഷ്ടീയം വിഷയമായുള്ള ചി ബ്ലോഗുകളെങ്കിലും ഇപ്പോഴുണ്ട്. അതിലൊന്ന് ഒരു പോസ്റ്റും ഇതു വരെ വന്നിട്ടില്ലാത്ത നക്സലിസം ബൂലോഗത്തില്‍ ആണ്. നക്സലിസത്തെ ഉപഹാസത്തോടെ കാണുന്നുവെന്നതാണ് പ്രൊഫൈലില്‍ നിന്ന് മനസ്സിലാക്കാനാവുക. സീമാ വാസുദേവിന്റെ ബ്ലോഗും അതിന്റെ നേര്‍വിപരീതസ്വഭാവമുള്ള ജനശക്തി ന്യൂസും വേറെ രണ്ടെണ്ണമാണ്. ഇവയൊക്കെ മാറ്റി നിറുത്തിയാല്‍ പൊതുവ്യവഹാരത്തിലുള്ള രാഷ്ട്രീയത്തോട് തികഞ്ഞ ഉദാസീനത പുലര്‍ത്തുന്ന ഒരു ലോകമാണ് ബൂലോഗം.രാഷ്ട്രീയത്തിന്റെ മുഖ്യപരിഗണന അധികാരമാകയാല്‍ അധികാരത്തെ സംബന്ധിച്ചതെല്ലാം രാഷ്ട്രീയബന്ധമുള്ളതാണ് എന്ന് മനസ്സിലാക്കാം.

ബൂലോഗത്തെ സംബന്ധിക്കുന്ന അധികാരമാണ് അശ്ലീലത്തിന്റെ പ്രശ്നം എന്ന പോസ്റ്റിനെക്കുറിച്ചുള്ള കമന്റുകളില്‍ പൊങ്ങി വന്നത്. ബ്ലോഗ് റോളുകളുടെ അധികാരമാണ് ആദ്യത്തെ പ്രധാനപ്രശ്നമായി ഉന്നയിക്കപ്പെട്ടത്. അസഭ്യമായ ഉള്ളടക്കം അനുവദനീയമല്ല എന്നു നിശ്ചയിക്കുവാന്‍ ഒരു ബ്ലോഗ് റോള്‍ നിര്‍മ്മാതാവിന്റെ തീര്‍പ്പ് മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ചര്‍ച്ച ബ്ലോഗ് റോളിന്റെ അധികാരത്തില്‍ നിന്ന് അതിന്റെ സാങ്കേതികതയിലേക്ക് പെട്ടെന്നു തന്നെ വഴിമാറുന്നതാണ് കാണുന്നത്. അത് വളരെ പ്രയാസകരമാണെന്നും അനായാസമാണെന്നും വാദിക്കുവാന്‍ രണ്ട് പക്ഷവും തയ്യാറായി മുന്നോട്ടു വന്നു.ഒടുവില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ പ്രവര്‍ത്തിച്ചു കാണിക്കുവാന്‍ വെല്ലുവിളിയും ഉയര്‍ന്നു.

സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞത കാരണം അതൊക്കെ നോക്കിനില്ക്കാനല്ലെതെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു.ഒടുവില്‍ ചര്‍ച്ച കലാശിക്കുന്നത് കമ്യൂണിറ്റി എന്ന സങ്കല്പത്തില്‍ ചെന്നെത്തിയാണ്.വസ്തുലോകത്തിലെ അധികാരത്തിന്റെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമാണ് വെര്‍ച്വല്‍ ലോകത്തിലെ അധികാരം. സാങ്കേതികജ്ഞാനം അവിടെ അധികാരമായി മാറുന്നു.ജ്ഞാനമാകട്ടെ നിഗൂഢവത്കരണങ്ങളെ ചെറുത്ത് സ്വതന്ത്രമാകുന്ന ഈ ഘട്ടത്തില്‍ അത്തരം അധികാരത്തിന് സാദ്ധ്യതകള്‍ കുറവാണ്. അവിടെ കൂട്ടായ്മകളുടെ രൂപവത്കരണങ്ങള്‍ക്ക് അടിത്തറയൊരുക്കുന്ന വിധേയത്വം പ്രതീക്ഷിക്കാവുന്നതല്ല.

ബ്ലോഗിനെക്കുറിച്ച് പറയുമ്പോള്‍ അവയൊരുക്കുന്ന പ്രതിരോധനിരയെന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ മലയാളത്തിലെ ബ്ലോഗുകള്‍ കാണുന്നവരല്ല എന്നു പറയാന്‍ ഈ പ്രസ്താവം തന്നെ ധാരാളം. ലോകത്തിന്റെ പല കോണുകളിലുമിരുന്ന് സ്വതന്ത്രമായി എഴുതുവാനും പ്രസിദ്ധീകരിക്കാനുമിള്ള ഈ സ്വതന്ത്രമേഖല ഇന്ന് മലയാളികളില്‍ ഒരു ചെറിയ വിഭാഗമേ ഉപയോഗിക്കുന്നുള്ളൂ. അതാവട്ടെ പ്രതിരോധം എന്ന നിലയിലല്ല,മറിച്ച് സൌഹൃദവും കൊച്ചുവര്‍ത്തമാമങ്ങളും നിറഞ്ഞ പ്രസന്നമായ ലോകമാണ്. അവിടെയൊരാള്‍ സാഹിത്യമാണ് എഴുതുന്നത് എന്ന ഭാവത്തില്‍ വല്ലതും അവതരിപ്പിക്കുന്നുവെങ്കില്‍ ഗുരുതരമായ പ്രശ്നമായി കണക്കോക്കേണ്ടതില്ല.ബ്ലോഗിലെ സാഹിത്യം ഒന്നോ രണ്ടോ അപവാദങ്ങള്‍ കാണാം,സാമാന്യേന അതിഭാവുകത്വം കലര്‍ന്ന സാഹിത്യനാട്യങ്ങള്‍ മാത്രമാണ്.അത് വായിച്ച് കമന്റിടുന്നവരും മത്സരിച്ച് അതിഭാവുകത്വമുള്ള ഭാഷയില്‍ എഴുതും.ഇതില്‍ താല്പര്യമുള്ളവര്‍ അത് വായിക്കും. ഗൌരവമുള്ള സാഹിത്യം വേണമെങ്കില്‍ മറ്റൊരാള്‍ക്ക് അതു പ്രസിദ്ധീകരിക്കാനും അവസരമുണ്ടല്ലോ.വൈവിദ്ധ്യത്തിന്റെ പ്രോജ്ജ്വലലോകമായി ബ്ലോഗ് വളരട്ടെ.

അതിനെ വര്‍ഗ്ഗീകരിക്കാന്‍ മെച്ചപ്പെട്ട സംവിധാനം ആവശ്യമെന്ന് ഒരാള്‍ക്കു തോന്നുന്നുവെങ്കില്‍ നല്ലതു തന്നെ.അതിനുള്ള സങ്കേതികവിദ്യ കൈവശമുള്ളവര്‍ അത് നിര്‍മ്മിക്കട്ടെ.

Friday, September 08, 2006

അശ്ലീലത്തിന്റെ പ്രശ്നം

ബ്ലോഗുകള്‍ നിത്യേന നിരവധി പുതുതായി വരുന്നതിനാല്‍ ഇവയെ വിഷയാധിഷ്ഠിതമായി
വര്‍ഗ്ഗീകരിക്കാനും റേറ്റിംഗ് വഴി നിലവാരപ്പെടുത്തുവാനും ഈയിടെ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവല്ലോ. ഇവയുടെ പിറകിലെ പരിഗണകളില്‍ സംശയാലുക്കളായവരുടെ അഭിപ്രായപ്രകടനങ്ങള്‍ , രോഷപ്രകടനങ്ങള്‍ , പരിഹാസം എന്നിവയും കൌതുകമുണര്‍ത്തുന്നതായിരുന്നു. അതിനിടെ ബ്ലോഗിനെക്കുറിച്ചുള്ള ഒരു നിര്‍വ്വചനവും അതിന്റെ ഉള്ളടക്കമെന്ത് എന്ന പ്രമാണവും അവതരിപ്പിക്കപ്പെട്ടു. രണ്ടു മിനുട്ടിനുള്ളില്‍ എഴുതപ്പെടുന്നത് എന്നതാണ് ഒരു പ്രമാണം. സന്മാര്‍ഗ്ഗത്തെക്കുറിച്ചുള്ളതാണ് മറ്റൊരു പ്രമാണം. അശ്ലീലമോ വ്യക്തിഹത്യയോ പാടില്ല എന്നതാണ് ആ പ്രമാണം.


പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാമെങ്കിലും അശ്ലീലത്തെക്കുറിച്ചുള്ള അമിതോല്‍കണ്ഠ ഒരു നീതീകരണവുമില്ലാത്തതാണ്. വെബ്ബിലെ പോര്‍ണോ സൈറ്റുകള്‍ കാണുന്നവര്‍
ബ്ലോഗര്‍മാരാവരുതെന്നോ ബ്ലോഗുകള്‍ കാണരുതെന്നോ പറയാത്തത് എന്താണ്. കാരണം,അങ്ങനെ വാദിക്കുന്നത് പ്രായോഗികമല്ല എന്നതു പോലെ അസംബന്ധവുമാണ്.

ലൈംഗികത,രതി എന്നൊക്കെയുള്ള പേരുകളില്‍ നാം ഇന്നു വ്യവഹരിക്കുന്ന നിഷിധവിഷയം എത്ര കാലമായി ഇങ്ങനെ കരിംപട്ടികയിലായിട്ട്?കാമശാസ്ത്രം എന്ന ശാസ്ത്രഗ്രന്ഥം ഉണ്ടായ നാട്ടിലെ ആളുകളാണ് ഇങ്ങനെയുള്ള സാന്മാര്‍ഗ്ഗികവാദികളായത് എന്നത് കൌതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഗീതഗോവിന്ദം എന്ന ജയദേവകൃതി ഭക്തിപുരസ്സരം സോപാനത്തില്‍ അവതരിപ്പിക്കുന്ന നാട്ടുകാരാണ് നമ്മള്‍ .ഇക്കണക്കിനു പോയാല്‍ തരം കിട്ടിയാല്‍ ഞരളത്ത് രാമപ്പൊതുവാളിനെ പൂര്‍വ്വകാലപ്രാബല്യത്തോടെ അശ്ലീലകലാകാരനാക്കി ഷക്കീലയോടൊപ്പം മാറ്റിയിരുത്തുന്ന കാലം വരില്ലെന്ന് ഒരു ഉറപ്പുമില്ല. മേലില്‍ അമ്പലങ്ങളില്‍ സോപാനസംഗീതം പാടില്ലെന്ന തീര്‍പ്പും വരും.

ഒരു കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
ആവശ്യത്തെ വകുപ്പു മേധാവി തള്ളിയത് ഇതേ സാന്മാര്‍ഗ്ഗികപ്രശ്നം ഉന്നയിച്ചാണ്. കുട്ടികള്‍ പോര്‍ണോ സൈറ്റുകള്‍ വിസിറ്റു ചെയ്യും കോളേജില്‍ ലൈംഗിക അരാജകത്വം പടരുമെന്നതായിരുന്നു വാദം. ഇന്റര്‍നെറ്റിനെ ലൈംഗികതയുടെ മേഖലയായി കാണുന്നത് ഏതു തരത്തിലുള്ള അമിതോല്‍കണ്ഠ കാരണമാണോ അതേ കാരണത്താലാണോ

സാന്മാര്‍ഗ്ഗികതയുടെ വിശുദ്ധപദം ബ്ലോഗുകള്‍ക്ക് നല്കുന്നത് എന്ന് ആത്മവിമര്‍ശന പരമായി പരിശോധിക്കേണ്ടതാണ്.

ബ്ലോഗര്‍മാരെക്കുറിച്ചും അവര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗുകളെക്കുറിച്ചും പഠിച്ചാല്‍ അവരുടെ
അഭിരുചികളെന്തെന്ന് മനസ്സിലാക്കാം. സ്വന്തം അഭിരുചികള്‍ക്കിണങ്ങിയ ബ്ലോഗുകള്‍
സന്ദര്‍ശിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്യുന്നവരാണ് ബ്ലോഗര്‍മാര്‍ ഭൂരിഭാഗവും. എല്ലായിടത്തും എത്തിച്ചരാന്‍ ആരും വെപ്രാളപ്പെടുന്നില്ല, എനിക്ക് ആദ്യമായാണ് ഇത്രയും കമന്റുകള്‍ കിട്ടുന്നത്. അതിലൊന്നും "കൊള്ളാം,നന്നായിട്ടുണ്ട് " എന്ന് കമന്റിടുന്നവരല്ല. അവരുടെ വായനാവിഭവമല്ല ഇടതുപക്ഷത്തിന് നല്കാനുള്ളത് എന്ന് അവര്‍ അംഗീകരിച്ചു തന്നിട്ടുണ്ട്. അല്ലെങ്കില്‍ , ആരാണ് ബ്ലോഗില്‍ അനാവശ്യമായ രാഷ്ട്രീയം പറയുന്നത് എന്ന് അവര്‍ ചോദിക്കുമായിരുന്നില്ലേ?എതിര്‍ക്കുമായിരുന്നില്ലേ?

ബ്ലോഗര്‍മാര്‍ കാണിക്കുന്ന ഉദാരത ബ്ലോഗ് റോള്‍ അഡ് മിനികള്‍ കാണിക്കാത്തത് അവര്‍ക്ക് നല്ല ഉദ്ദേശ്യമാണ് ഉള്ളത് എന്നതിനാലാണ് എന്ന് സമ്മതിക്കാം. ഗോവിന്ദപ്പിള്ളയുടെ പേരിലും കേരളപോലീസിന്റെ പേരിലും ബ്ലോഗ് ഇറക്കുന്നവര്‍ എന്തുകൊണ്ട് ലൈംഗികബ്ലോഗ് ഇറക്കിയില്ല? ഉത്തരം ലളിതമാണ്. നെറ്റില്‍ അതിന് ഒരു ക്ഷാമവുമില്ല. മലയാളം ബ്ലോഗ് കാണാന്‍ ചെയ്യേണ്ട സെറ്റിംഗിന്റെ പ്രയാസമൊന്നുമില്ലാതെ, ഫോണ്ട് പ്രശ്നമൊന്നുമില്ലാതെയും അനായാസമായി കിട്ടാനുള്ള മികച്ച സാധനത്തെക്കാള്‍ കേമമായി ബ്ലോഗ് ഉണ്ടാക്കുക എന്ന മെനക്കേടിന്റെ ആവശ്യമില്ല എന്നതു തന്നെ. ലൈംഗികബ്ലോഗില്‍ അഭിരമിക്കുന്നവരെ
വിനോദിപ്പിക്കാന്‍ ഒന്നും ഇന്നത്തെ നിലയില്‍ ബ്ലോഗുകളിലില്ല എന്നതിനാലാണ് അവര്‍ ഇതിനെ അവഗണിക്കുന്നത്. എന്നിട്ടും കമ്പ്യൂട്ടര്‍ വകുപ്പ് മേധാവിയെപ്പോലെ ശാഠ്യം പടിക്കുന്നത് അനാവശ്യമാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമിതാധികാരപ്രവണതയെക്കുറിച്ച് നടത്തിയ
പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന ഒരു വസ്തുതയുണ്ട്. അമിതമായ ലൈംഗികസദാചാരോല്‍കണ്ഠ അമിതാധികാരപ്രവണതയുടെ പ്രഭവങ്ങളിലൊന്നാണ്. ഇതിനെത്തുടര്‍ന്ന് ജര്‍മ്മനിയിലും യൂറോപ്പിലും സ്വതന്ത്രലൈംഗികത വ്യാപകമായി.

കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ജോസഫിനെക്കുറിച്ചും നിത്യേനയെന്നോണം നമ്മുടെ മാദ്ധ്യമങ്ങള്‍ വിളമ്പുന്ന കഥകള്‍ മലയാളിയുടെ ലൈംഗികസദാചാരോല്‍കണ്ഠ എത്രത്തോളം ഗുരുതരമായ പ്രശ്നമായിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.

നിയമപ്രശ്നം നിയമപ്രശ്നമായി കാണുക.സദാചാരത്തെപ്പറ്റി പുരോഹിതന്മാര്‍ സംസാരിക്കട്ടെ. അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.

Thursday, September 07, 2006

അധാര്‍മ്മികമായ ചില ബ്ലോഗ് പരിശ്രമങ്ങള്‍

ബ്ലോഗിന് പല സൌകര്യങ്ങളുണ്ട്. അതിലൊന്ന് നിങ്ങളാരെന്ന് വെളിപ്പെടുത്താതെ തന്നെ പറയാനുള്ളത് പ്രസിദ്ധീകരിക്കാമെന്നതാണ്. എഴുത്തുകാര്‍ തൂലികാനാമം ഉപയോഗിച്ച് എഴുതുന്നതുപോലെ ഒരു സൌകര്യം. കോവിലന്‍ വി.വി.അയ്യപ്പനാണെന്നും വിലാസിനി എം.കെ.മേനോനാണ് എന്നും എല്ലാവര്‍ക്കും അറിയാം. തൂലികാനാമത്തില്‍ വലിയ ഒളിച്ചുകളിയൊന്നുമില്ല. ഒളിച്ചുകളിക്കാന്‍ സാധിക്കില്ല എന്നതല്ല കാരണം.

എഴുത്ത് സാമൂഹികമായ ഉത്തരവാദിത്തമുള്ള ഒരു പ്രവര്‍ത്തനമാണ്. അത്തരം ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്ന ഒരാള്‍ക്ക് തിരസ്കരണിക്കു പിന്നില്‍ കഴിയാനാവുകയില്ല. എഴുതുന്ന ഏതൊരാളും സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത്. സ്വന്തം വ്യക്തിത്വം പ്രസക്തമല്ലാത്ത ഇടങ്ങളില്‍ പേരു വെളിപ്പെടുത്താതെ പറയാനുള്ളത് പറഞ്ഞ് വിരമിക്കുന്നത് അതിനാല്‍ എല്ലാ ആര്‍ത്ഥത്തിലും ഔചിത്യപൂര്‍ണ്ണമായ പ്രവര്‍ത്തനം തന്നെ.ബ്ലോഗ് നിര്‍മ്മിക്കുമ്പോള്‍ യൂസര്‍ നെയിമും ബ്ലോഗ് പേരും തെരഞ്ഞടുക്കുന്നതില്‍ എഴുത്തിന്റെ മേഖലയിലെ ഈ സ്വാതന്ത്ര്യം നിലവിലുണ്ട്. ബ്ലോഗിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചന നല്കുന്നതോ മറ്റു നിലയില്‍ ആകര്‍ഷകമോ ആയ ബ്ലോഗ് പേരുകള്‍ അതുണ്ടാക്കുന്നയാളുടെ സര്‍ഗ്ഗാത്മകതയെക്കുറിച്ചു കൂടി നമ്മോട് പറയുന്നു. ഏതെങ്കിലും
മലയാളം ബ്ലോഗ് റോളില്‍ നോക്കിയാല്‍ കാണാവുന്ന പേരുകളിലെ വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.

സര്‍ഗ്ഗാത്മകതയുടെ ഈ ലോകം എന്നാല്‍ പ്രശ്നവിമുക്തമല്ല. സ്വാതന്ത്ര്യം അതിന് അര്‍ഹതയില്ലാത്ത
കരങ്ങളിലെത്തിയാല്‍ ഉണ്ടാകാവുന്ന വിപത്തുകളെക്കുറിച്ച് മുന്‍കരുതല്‍ ഉണ്ടാകേണ്ടതാണ്. വെളിച്ചം നിറഞ്ഞു നില്ക്കുന്ന ഉത്സവപ്പറമ്പുകളില്‍ നിന്ന് മാറി വെളിച്ചം കുറഞ്ഞ ഇടവഴികളില്‍ കാത്തുനില്ക്കുന്ന വികൃതിക്കുട്ടികള്‍ എവിടെയും ഉണ്ടാകും. ഇവിടെയും അത് സംഭവിക്കുന്നുണ്ട്. പ്രണയവും രതിവൈകൃതവും ചേര്‍ന്ന് വിചിത്രപ്രകൃതികളായി പെരുമാറുന്ന ഇത്തരം വികൃതിക്കുട്ടികളെ കരുതിയിരിക്കുക.

ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകള്‍ എന്ന എന്റെ ബ്ലോഗ് പോസ്റ്റിനു കീഴെ കണ്ട ഒരു ലിങ്കാണ് എന്നെ അമ്പരപ്പിച്ചത്. സീമാ വാസുദേവിന്റെ ബ്ലോഗിലേക്കായിരുന്നു ലിങ്ക്. ആരാണ് ഈ സീമാ വാസുദേവ് എന്നു അറിയാന്‍ പ്രൊഫൈല്‍ നോക്കിയപ്പോഴാണ് ഇദ്ദേഹത്തിന് വേറെയും ബ്ലോഗുകള്‍ ഉണ്ടെന്ന് മനസ്സിലായത്. അതിലൊന്നിന്റെ വിലാസം പി.ഗോവിന്ദപ്പിള്ള.ബ്ലോഗ്സ്പോട്ട്.കോം എന്നാണ്. വേറൊന്ന് കേരളാപോലീസ്.ബ്ലോഗ്സ്പോട്ട.കോം എന്നാണ്. വായ്ക്കു വന്നത് കോതയ്ക്ക് പാട്ട് എന്ന് വേറൊന്നുമുണ്ട്. ഇതിനു കീഴില്‍ നിരവധി ലിങ്കുകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറെയും നിലവിലില്ലാത്തവയാണ്.

ബ്ലോഗിങ്ങിനെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ കൌതുകത്തിന് ഉണ്ടാക്കിയവയാവാം ഇതൊക്കെയെന്ന് കരുതി അവഗണിക്കാനാവാത്ത പ്രശ്നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.പി.ഗോവിന്ദപ്പിള്ളയെന്നല്ല ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ല. ആരുമായും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യവും അംഗീകരിക്കാം. എന്നാല്‍ വിമര്‍ശനത്തിനു വേണ്ടിയോ വിയോജിപ്പിനായോ സമൂഹത്തില്‍
മാനിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ആള്‍മാറാട്ടം നടത്തുന്നത് ഹീനമായ പ്രവൃത്തിയാണ്. കേരളാ പോലീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു പ്രധാനവകുപ്പിന്റെ പേരാണ്. ആ പേര് ആര്‍ക്കും എടുത്ത് ഉപയോഗിക്കുവാന്‍ അധികാരമില്ല. അങ്ങനെ ചെയ്യുന്നത് കുറ്റകരവുമാണ്. പോലീസിന്റെ പേരിലുള്ള ബ്ലോഗില്‍ ഔദ്യോഗികമായ അറിയിപ്പുകളാണെന്ന മട്ടില്‍ കുറിപ്പുകളിട്ടാല്‍ വിവരം അറിയും.

സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം ഇങ്ങനെ ദുര്‍വ്വിനിയോഗം ചെയ്യുന്നത് എത്രയും വേഗം തടയേണ്ടതാണ്.ഇടതുപക്ഷം എന്ന എന്റെ ബ്ലോഗില്‍ സി.പി.എം നിലപാടല്ലാത്ത സ്വതന്ത്ര ഇടതുപക്ഷ വീക്ഷണത്തെ രൂപീകരിക്കുവാനുള്ള സംവാദശ്രമമാണ് ഞാന്‍ നടത്തുന്നത്. അതിന്റെ മികവും യോഗ്യതയും ആര്‍ക്കും വിലയിരുത്താവുന്നതാണ്. വിയോജിക്കാവുന്നതുമാണ്. യോജിപ്പുള്ളവരും ഉണ്ടാകാം. എന്നാല്‍ ആരെങ്കിലും സി.പി.എം വിരോധം കൊണ്ടോ ഗോവിന്ദപ്പിള്ളയോടുള്ള അനിഷ്ടം കൊണ്ടോ ചെയ്യുന്ന നിരുത്തരവാദപ്രവര്‍ത്തനത്തോട് കണ്ണിചേര്‍ക്കേണ്ടതല്ല എന്റെ വീക്ഷണങ്ങള്‍ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ എന്റെ പോസ്റ്റിനു കീഴെയിട്ട ലിങ്കിന്റെ കാര്യത്തില്‍ എന്റെ പ്രതിഷേധം ഞാന്‍ അറിയിച്ചപ്പോള്‍ സീമാ വാസുദേവ് അത് നീക്കം ചെയ്തു. നന്ദി. എന്നാല്‍ ഇക്കാരണം കൊണ്ട് ബ്ലോഗ് സദാചാരത്തിന് എന്നല്ല പൊതുവിലുള്ള സദാചാരത്തിനു തന്നെ എതിരായ മറ്റു ബ്ലോഗുകള്‍ തുടരുന്നത് നീതീകരിക്കാനാകില്ല. ഗോവിന്ദപ്പിള്ളയും കേരളാ പോലീസും പറഞ്ഞാല്‍ മറ്റ് ബ്ലോഗുകള്‍ നീക്കം ചെയ്യാം
എന്നു കരുതുന്നത് ശരിയല്ല.

പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശത്തില്‍ കരീം മാഷ് ഇക്കാര്യം പറയാതെപോയി എന്നതിനാലാണ് ഈ കുറിപ്പ്.